ത്രിപുരയിലെ ആക്രമണം സർക്കാർ ഒത്താശയോടെ : സിപിഐ എം



ന്യൂഡൽഹി ത്രിപുരയിൽ സിപിഐ എമ്മിനും ഇടതുമുന്നണിക്കും നേരെ ഭരണകക്ഷിയായ ബിജെപി അഴിച്ചുവിട്ടിരിക്കുന്ന ആസൂത്രിത ആക്രമണത്തെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി അപലപിച്ചു. മിക്കയിടത്തും പൊലീസ്‌ നോക്കിനിൽക്കെയാണ് ആക്രമണം. സംസ്ഥാന കമ്മിറ്റി ഓഫീസിനുമുന്നിൽനിന്ന്‌ സിആർപിഎഫുകാരെ പിൻവലിച്ചതിനു പിന്നാലെയാണ്‌ ആക്രമണം ഉണ്ടായത്‌. ബിജെപിയുടെ ഗുണ്ടാസംഘങ്ങൾക്ക്‌ ലഭിക്കുന്ന സംരക്ഷണം ആക്രമണത്തിന് സർക്കാരിന്റെ മൗനാനുവാദത്തിന്‌ തെളിവാണ്‌. ത്രിപുരയിൽ മുഖ്യപ്രതിപക്ഷത്തിന്റെ പ്രവർത്തനം അടിച്ചമർത്താനുള്ള ഭരണകക്ഷി ശ്രമം പരാജയപ്പെട്ടതാണ്‌ ആക്രമണങ്ങൾക്ക്‌ കാരണം. ജനാധിപത്യത്തിനും പ്രതിപക്ഷത്തിനും നേരെയുള്ള ഹീന ആക്രമണത്തെ തള്ളിപ്പറയാൻ എല്ലാ ജനാധിപത്യവിശ്വാസികളും പാർടികളും തയ്യാറാകണം. നിയമവാഴ്‌ചയും പൗരാവകാശവും സംരക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഇടപെടണം. സിപിഐ എമ്മിനെതിരായ ആക്രമണം അവസാനിപ്പിക്കാനും ത്രിപുരയില്‍ ജനാധിപത്യ അവകാശം ഉറപ്പാക്കാനും പ്രതിഷേധവുമായി രം​ഗത്തിറങ്ങാന്‍ പാർടിയുടെ എല്ലാ ഘടകങ്ങളോടും പിബി ആഹ്വാനം ചെയ്‌തു. തികച്ചും ധിക്കാരപരമായ ആക്രമണമാണ്‌ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുണ്ടായത്. രണ്ട്‌ നിലയിലെ സാധനസാമഗ്രികള്‍ കൊള്ളയടിച്ചു. ഓഫീസിലെ രണ്ട്‌ കാര്‍ കത്തിച്ചു. ത്രിപുര ജനത ഏറ്റവും ആദരിക്കുന്ന ദശരഥ്‌ ദേബിന്റെ പ്രതിമ തകർത്തു. പിഎൻ–-24 ന്യൂസ്‌ ചാനലിന്റെ ഓഫീസും പ്രതിബാദി കാലം, ദേശേർകഥ എന്നീ പത്രം ഓഫീസുകളും ആക്രമിക്കപ്പെട്ടു. ഒട്ടേറെ പാർടി ഓഫീസുകൾക്കുനേരെ ആക്രമണം ഉണ്ടായി. Read on deshabhimani.com

Related News