ഒഡിഷയിൽ ബിജെപിയും ബിജെഡിയും നേര്‍ക്കുനേര്‍

നവീൻ പട്നായിക് ധർമേന്ദ്ര പ്രധാൻ


ന്യൂഡൽഹി> ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഒഡിഷയിൽ ബിജെഡിയുമായി അകന്ന്‌ ബിജെപി. 2000 മുതൽ അധികാരത്തിലിരിക്കുന്ന ബിജു ജനതാദൾ നേതാവ്‌ നവീൻ പട്‌നായിക്കിന്‌ എതിരായ നീക്കം ബിജെപി സജീവമാക്കി. ഒപ്പമുള്ള കക്ഷികളെ വിഴുങ്ങുന്ന ബിജെപി തന്ത്രം തിരിച്ചറിഞ്ഞ്‌ പ്രതിരോധനീക്കത്തിലാണ് ബിജെഡി. ഒഡിഷയില്‍ ക്രമസമാധാനം തകർന്നെന്ന്‌ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഭുവനേശ്വറിൽ നടന്ന ബിജെപി പരിപാടിയിൽ രൂക്ഷ വിമർശം ഉന്നയിച്ചു. പ്രധാനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്ന പ്രചാരണം ശക്തമാണ്. ബിജെപി ഒഡിഷക്കാരെ അപമാനിക്കുകയാണെന്നാണ്‌ ബിജെഡി പ്രതികരിച്ചത്‌. ബിഹാറിനു സമാനമായി ഒഡിഷയിൽ നവീൻ പട്‌നായിക്‌ ജാതി സെൻസസ്‌ പ്രഖ്യാപിച്ചു. ഇതിനു പുറമെ 22 വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. 2024ൽ പ്രധാൻ മത്സരിക്കാനിടയുള്ള ധേൻകനൽ, സംബൽപുർ സീറ്റുകളുടെ നിരീക്ഷകനായി ഉറ്റ അനുയായിയായ പ്രണബ് പ്രകാശ് ദാസിനെയും പട്‌നായിക്‌ നിയമിച്ചു. ഒബിസി വിഭാഗത്തിൽനിന്നുള്ള മുൻ മന്ത്രി മൻമോഹൻ സമലിനെ സംസ്ഥാന പ്രസിഡന്റായി ബിജെപി നിയമിച്ചു. കഴിഞ്ഞ വർഷം നടന്ന ധാംനഗർ ഉപതെരഞ്ഞടുപ്പിൽ ബിജെഡിയെ അട്ടിമറിച്ചതിന്റെ മുഖ്യ ആസൂത്രകനാണ്‌ സമൽ. രാജ്യത്ത് ഉയര്‍ന്നുവരുന്ന പ്രതിപക്ഷ ഐക്യനിരയില്‍ നിന്ന് നിലവില്‍ അകന്നു നില്‍ക്കുന്ന ബിജെഡി നിലപാട്‌ തിരുത്തിയേക്കുമെന്നാണ്‌ സൂചന. Read on deshabhimani.com

Related News