കൂട്ട്‌ വർഗീയത തന്നെ ; ലോക്‌സഭ തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങൾക്ക്‌ പദ്ധതി ഒരുക്കി ബിജെപി



ന്യൂഡൽഹി   അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും തീവ്രവർഗീയതയെ കൂട്ടുപിടിച്ച്‌ നേട്ടമുണ്ടാക്കാൻ പദ്ധതിയൊരുക്കി ബിജെപി ദേശീയ എക്‌സിക്യൂട്ടീവ്‌. അയോധ്യയിലെ രാമക്ഷേത്ര നിർമാണ പുരോഗതി പ്രചാരണായുധമാക്കും. തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി നിർമാണം പൂർത്തിയാകുംവിധം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകും. ഒപ്പം കാശി, മഥുര വിഷയങ്ങളും സജീവമാക്കും. ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ ന്യൂനപക്ഷ വിരുദ്ധത കൂടുതൽ തീവ്രമാക്കാൻ പറ്റുന്ന അജൻഡകൾ ഏറ്റെടുക്കും. ഏകസിവിൽ കോഡ്‌, പൗരൻമാർക്കുള്ള ദേശീയ രജിസ്‌റ്റർ, കശ്‌മീർ തുടങ്ങിയവയും പ്രധാന അജൻഡയാകും. പ്രാദേശികമായും മതപരമായ വിഷയങ്ങളെ കണ്ടെത്തി ഉപയോഗിക്കും. രാമക്ഷേത്ര നിർമാണം പുരോഗമിക്കുന്നതിൽ പ്രധാനമന്ത്രി മോദിയെ എക്‌സിക്യൂട്ടീവ്‌ അഭിനന്ദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ ക്ഷേത്രനിർമാണം പൂർത്തീകരിക്കുമെന്ന്‌ അമിത്‌ ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രതിപക്ഷം ദുർബലമല്ലെന്നും ശേഷിക്കുന്ന ദിവസങ്ങളിൽ സജീവമായി പ്രവർത്തിക്കണമെന്നും മോദി എക്‌സിക്യൂട്ടീവിൽ പറഞ്ഞു. ബൂത്ത്‌ തലത്തിൽ പ്രവർത്തനം ശക്തമാക്കണം. തെരഞ്ഞെടുപ്പിന്‌ മുമ്പായുള്ള നാനൂറിനടുത്ത്‌ ദിവസങ്ങൾ വോട്ടർമാർക്കായി നീക്കിവയ്‌ക്കണം. ചരിത്രം സൃഷ്ടിക്കണം. അതിർത്തി മേഖലകളിൽ സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തണം. ബിജെപി രാഷ്ട്രീയ പാർടി മാത്രമല്ല സാമൂഹ്യ പ്രസ്ഥാനം കൂടിയാകുകയാണ്‌. 18–-25 വയസ്സുകാരിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. മുൻകാല സർക്കാരുകളുടെ അഴിമതിയും തെറ്റുകളും അവർക്ക്‌ അറിയില്ല. ബോറ, പശ്‌മണ്ഡ, സിഖ്‌ തുടങ്ങി ന്യൂനപക്ഷ വിഭാഗങ്ങളടക്കം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും പാർടി പ്രവർത്തകർ എത്തണം–- മോദി പറഞ്ഞു.   Read on deshabhimani.com

Related News