10 സംസ്ഥാനത്തേക്ക് വ്യാപിച്ച് പക്ഷിപ്പനി; ഹരിയാനയിൽ നാല്‌ ലക്ഷത്തിലധികം പക്ഷികൾ ചത്തു



ന്യൂഡൽഹി രാജ്യത്തെ ആശങ്കയിലാഴ്‌ത്തി 10 സംസ്ഥാനത്ത്‌ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഡൽഹി, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിലാണ്‌ ഒടുവിൽ രോഗം സ്ഥിരീകരിച്ചത്‌. ഉത്തർപ്രദേശ്‌, രാജസ്ഥാൻ, മധ്യപ്രദേശ്‌, ഹിമാചൽപ്രദേശ്‌, ഹരിയാന, ഗുജറാത്ത്‌, കേരളം എന്നിവിടങ്ങളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഹരിയാനയിൽ ഏതാനും ആഴ്ചയ്‌ക്കിടെ നാല്‌ ലക്ഷത്തിലധികം പക്ഷികൾ രോഗംബാധിച്ച്‌ ചത്തൊടുങ്ങി. ഡൽഹിയിൽ പക്ഷികളുടെ ഇറക്കുമതിക്ക്‌ കർശനവിലക്കേർപ്പെടുത്തി. ഗാസിപ്പുരിലെ ഇറച്ചിക്കോഴി ചന്ത താൽക്കാലികമായി അടച്ചു. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നുള്ള പായ്‌ക്ക്‌ ചെയ്‌ത കോഴിയിറച്ചിക്കും വിലക്കേർപ്പെടുത്തി‌. സഞ്‌ജയ്‌ ലെയ്‌ക്ക്‌, ഭൽസ്വാ ലെയ്‌ക്ക്‌, ഹോസ്‌ഖാസ്‌ എന്നിവിടങ്ങളിലെ ഇറച്ചിക്കോഴി ചന്തകളും നിരീക്ഷണത്തിലാണ്‌. ഡൽഹിയിൽ 2.5 കോടിയുടെ നഷ്ടമുണ്ടായതായി വ്യാപാരികളുടെ സംഘടനകൾ അറിയിച്ചു. മഹാരാഷ്ട്രയിലെ പർഭണിയിൽ പക്ഷിപ്പനി വ്യാപകമായി‌. രണ്ട്‌ ദിവസത്തിനിടെ 900 കോഴികൾ ചത്തു. നിരവധി ചിക്കൻ മാർക്കറ്റുകളുള്ള മുറുംബാ ഗ്രാമത്തിലും രോഗം സ്ഥിരീകരിച്ചു. മുംബൈ, താനെ, ബീഡ്‌, ദാപോലി എന്നിവിടങ്ങളിലും രോഗമുണ്ട്‌‌.  ഹിമാചൽപ്രദേശിൽ ഇതുവരെ 2,000 പക്ഷികൾ ചത്തു. പക്ഷികളിൽനിന്ന്‌ മനുഷ്യരിലേക്ക്‌ രോഗം പടരാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്‌ കേന്ദ്രസർക്കാർ സംസ്ഥാന ചീഫ്‌സെക്രട്ടറിമാർക്ക്‌ നിർദേശം നൽകി. ജലാശയങ്ങൾ, പക്ഷിച്ചന്തകൾ, മാർക്കറ്റുകൾ, വന്യജീവിസങ്കേതങ്ങൾ, ഫാമുകൾ, അനുബന്ധപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കർശനമായ ജാഗ്രത പുലർത്തണം. ചത്ത പക്ഷികളെ സംസ്‌കരിക്കാനും മാലിന്യം നീക്കം ചെയ്യാനും ആരോഗ്യപ്രവർത്തകർക്ക്‌ പിപിഇ കിറ്റ്‌ ഉൾപ്പെടെ സജ്ജീകരിക്കണം. കുപ്രചാരണങ്ങൾ ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണം–- തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ നൽകി‌. പക്ഷിപ്പനി പ്രതിരോധിക്കാൻ സ്വീകരിച്ച നടപടി വിശദീകരിക്കാൻ കേന്ദ്ര മൃഗസംരക്ഷണവകുപ്പ്‌ ഉദ്യോഗസ്ഥരോട്‌ ഹാജരാകാൻ പാർലമെന്ററി സമിതി നിർദേശം നൽകി. Read on deshabhimani.com

Related News