ബിൽക്കിസ്‌ 
ബാനു കേസ് : പ്രത്യേക ബെഞ്ച്‌ ; പ്രതികളെ വിട്ടയച്ച വിധിക്കെതിരായ ഹർജി പരിഗണിക്കും



ന്യൂഡൽഹി ഗുജറാത്ത്‌ വംശഹത്യയിൽ നിഷ്‌ഠൂര കുറ്റകൃത്യമായ ബിൽക്കിസ്‌ ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വെറുതെവിട്ടതിന്‌ എതിരെയുള്ള  ഹർജി പരിഗണിക്കാൻ പ്രത്യേക ബെഞ്ച്‌ രൂപീകരിക്കുമെന്ന്‌ സുപ്രീംകോടതി. 11 പ്രതികൾക്ക്‌ ശിക്ഷാ ഇളവുനൽകിയ ബിജെപി സർക്കാരിനെതിരെ ബിൽക്കിസ്‌ ബാനു സമർപ്പിച്ച ഹർജി പരിഗണിക്കാനാണ്‌ പ്രത്യേക ബെഞ്ച്‌ രൂപീകരിക്കുക. ഉടൻ പുതിയ ബെഞ്ചുണ്ടാക്കുമെന്ന്‌ ബിൽക്കിസിന്റെ അഭിഭാഷക ശോഭ ഗുപ്‌തയ്‌ക്ക്‌ ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌  ഉറപ്പുനൽകി. ഗുജറാത്ത്‌ വംശഹത്യാവേളയിൽ ബിൽക്കിസ്‌ ബാനുവിന്റെ കുടുംബത്തിലെ ഏഴുപേരെ അക്രമികൾ കൊലപ്പെടുത്തി. ഗർഭിണിയായ ബിൽക്കിസ്‌ ബാനുവിനെ അക്രമികൾ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി. ഈ കേസിലെ പ്രതികൾ ശിക്ഷാഇളവിന്‌ ആദ്യം സുപ്രീംകോടതിയെയാണ്‌ സമീപിച്ചത്‌. ഇതിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ മെയ്‌ 13ന്‌ ഗുജറാത്ത്‌ സർക്കാരിനോട്‌ കോടതി നിർദേശിച്ചു. തുടർന്നാണ്‌ ഗുജറാത്ത്‌ സർക്കാർ ശിക്ഷാ ഇളവുനൽകി ആഗസ്‌ത്‌ 15ന്‌ പ്രതികളെ വിട്ടയച്ചത്‌. മെയ്‌ 13ലെ സുപ്രീംകോടതി ഉത്തരവിനെതിരെ ബിൽക്കിസ്‌ ബാനു നൽകിയ പുനഃപരിശോധനാ ഹർജി നേരത്തേ സുപ്രീംകോടതി തള്ളിയിരുന്നു. പ്രതികളെ വെറുതെവിട്ട ബിജെപി സർക്കാർ നടപടിക്കെതിരെ ദേശീയ, അന്തർദേശീയ തലത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. സിപിഐ എം നേതാവ്‌ സുഭാഷിണി അലി ഉൾപ്പെടെയുള്ളവർ സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിച്ചു. Read on deshabhimani.com

Related News