ഭീമ കൊറെഗാവ് കേസ്: ആനന്ദ് തെൽ‌തുംബ്‌ദെക്ക് ജാമ്യം



മുംബെെ ഭീമ കൊറേഗാവ് കേസിൽ യുഎപിഎ ചുമത്തി എൻഐഎ ജയിലിലടച്ച എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പ്രൊഫ. ആനന്ദ് തെൽതുംബ്‌ഡെയ്‌ക്ക്‌ ജാമ്യം. ഒരു ലക്ഷം രൂപയുടെയും രണ്ട്‌ പേരുടെയും ഉറപ്പിൽ ബോംബെ ഹെെക്കോടതിയാണ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. തീവ്രവാദപ്രവർത്തനം, ഗൂഢാലോചന, നിയമവിരുദ്ധപ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്ന്‌ ജസ്റ്റിസുമാരായ എ എസ് ഖഡ്കരി, എം എൻ ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കി. അറസ്‌റ്റിലായി രണ്ടുവർഷം കഴിഞ്ഞാണ്‌ ജാമ്യം ലഭിച്ചത്‌. എന്നാൽ, സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ എൻഐഎ ഒരാഴ്‌ച സമയം ആവശ്യപ്പെട്ടു. ഇത്‌ അനുവദിച്ചതിനാൽ അതുവരെ പുറത്തിറങ്ങാനാകില്ല. 2020 ഏപ്രിലിലാണ്‌ ആനന്ദ്‌ അറസ്റ്റിലാകുന്നത്‌. എൻഐഎ പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ്‌ എഴുപത്തിമൂന്നുകാരനായ ആനന്ദ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ്‌ ചെയ്യപ്പെട്ട സാമൂഹ്യപ്രവർത്തകരിൽ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെയാളാണ്‌ ഇദ്ദേഹം. കവി വരവരറാവുവിനും സുധ ഭരദ്വാജിനും ജാമ്യം ലഭിച്ചിരുന്നു. ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ മരിച്ചു. Read on deshabhimani.com

Related News