പഴയ വാഹനങ്ങൾക്കും ഇനി ‘ഭാരത്‌ സീരീസ്‌ ’ ; ചട്ടങ്ങളിൽ ഇളവ്‌ വരുത്തി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം



ന്യൂഡൽഹി രാജ്യത്തെ ഏകീകൃത വാഹന തിരിച്ചറിയൽ നമ്പരായ ഭാരത്‌ സീരീസ്‌ (ബിഎച്ച്‌) ചട്ടങ്ങളിൽ ഇളവ്‌ വരുത്തി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം. കരട്‌ നിയമത്തിലെ ഭേദഗതി അനുസരിച്ച്‌ നിലവിൽ രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ ബിഎച്ച്‌ രജിസ്‌ട്രേഷനിലേക്ക് മാറ്റാം. അതിനായി നിശ്ചിത തുക നികുതിയൊടുക്കണം. ഭാരത്‌ സീരീസിലുള്ള വാഹനം മറ്റൊരാൾക്ക്‌ കൈമാറുന്നതും സുഗമമാക്കി. ബിഎച്ച്‌ സീരീസിന്‌ അർഹരല്ലാത്തവർക്കും വാഹനം വിൽക്കാം. എന്നാൽ, ആ വാഹനം സംസ്ഥാന രജിസ്ട്രേഷനിലേക്ക് മാറ്റണം. ബിഎച്ച് സീരീസിന് താമസസ്ഥലത്തോ ജോലിസ്ഥലത്തോ അപേക്ഷിക്കാം. സ്വകാര്യമേഖലാ ജീവനക്കാർ തൊഴിൽ സർട്ടിഫിക്കറ്റ്‌ സമർപ്പിക്കണമെന്നത് കർശനമായി നടപ്പാക്കും. ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ സെപ്‌തംബറിലാണ്‌ ഭാരത്‌ സീരീസ്‌ രജിസ്‌ട്രേഷൻ കേന്ദ്ര സർക്കാർ നടപ്പാക്കിയത്‌. പ്രതിരോധ ഉദ്യോഗസ്ഥർ, കേന്ദ്ര–- സംസ്ഥാന ജീവനക്കാർ,  കുറഞ്ഞത്‌ നാല്‌ സംസ്ഥാനങ്ങളിലെങ്കിലും ഓഫീസുള്ള സ്വകാര്യ കമ്പനി ജീവനക്കാർ എന്നിവർക്കാണ്‌ ഭാരത്‌ സീരീസ്‌ നമ്പർ ലഭിക്കുക. Read on deshabhimani.com

Related News