ബംഗാളിൽ കോവിഡ് വിതച്ച് മോഡി, ഷാ



കൊല്‍ക്കത്ത ദിവസം പതിനായിരത്തില്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ള പശ്ചിമബം​ഗാളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ആള്‍ക്കൂട്ട രോ​ഗവ്യാപനത്തിന് വഴിവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രി അമിത് ഷായും.  വലിയ പൊതുസമ്മേളനങ്ങളും മറ്റും ഒഴിവാക്കണമെന്ന ആരോഗ്യ വിദഗ്‌ധരുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും മാര്‍​ഗനിര്‍ദേശങ്ങള്‍ക്ക് പുല്ലുവില. ദിവസം മൂന്നും നാലും തെരഞ്ഞടുപ്പ് പരിപാടികളില്‍ ഇവര്‍ പങ്കെടുക്കുന്നു. സമ്മേളനങ്ങളിലേക്ക് ബം​ഗാളിന് പുറത്തുനിന്ന്‌ വന്‍തോതില്‍ ആളെത്തുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂലും മാനദണ്ഡങ്ങള്‍ ലംഘിച്ച് വമ്പന്‍ യോ​ഗങ്ങള്‍ സംഘടിപ്പിക്കുന്നു. ദിവസങ്ങൾക്കുമുമ്പേ ഇടതുമുന്നണി സംയുക്ത മോർച്ച വലിയ റാലികൾ ഒഴിവാക്കിയെങ്കിലും തൃണമൂലും ബിജെപിയും ആ നിർദേശം തള്ളി. കഴിഞ്ഞ 24 മണിക്കൂറില്‍ പതിനായിരത്തിലേറെ രോ​ഗികളുള്ള ബം​ഗാളിലെ യഥാര്‍ഥ കണക്കുകള്‍ മറച്ചുവയ്ക്കുകയാണെന്ന പരാതിയും വ്യാപകം. ആശുപത്രികളിൽ കിടക്ക ലഭിക്കാതെ രോഗികൾ നട്ടം തിരിയുന്നു. ആറാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ചയാണ്. പരസ്യ പ്രചാരണം തിങ്കളാഴ്ച സമാപിച്ചു. പക്ഷപാതത്തിന്റെ പേരില്‍ നാല് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമീഷന്‍ ചുമതലകളില്‍നിന്ന് നീക്കി. Read on deshabhimani.com

Related News