ബാങ്ക്‌ സ്വകാര്യവൽക്കരണം ; നീക്കം തകൃതി, ചുരുക്കപ്പട്ടികയുണ്ടാക്കാന്‍ സമിതി ഉടൻ



ന്യൂഡൽഹി സ്വകാര്യവൽക്കരിക്കാനുള്ള പൊതുമേഖലാ ബാങ്കുകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കാൻ കേന്ദ്രം ഉടൻ സമിതി രൂപീകരിച്ചേക്കും. റിസർവ്‌ ബാങ്ക്‌, നിതി ആയോഗ്‌, നിക്ഷേപ–- പൊതുആസ്‌തി മാനേജ്‌മെന്റ്‌ വകുപ്പ്‌ എന്നിവയുടെ പ്രതിനിധികൾ സമിതിയിൽ ഉണ്ടാകും. തമ്മിൽ ലയിപ്പിച്ച്‌ എണ്ണം കുറച്ചും കിട്ടാക്കടം എഴുതിത്തള്ളിയും പൊതുമേഖലാ ബാങ്കുകളെ കേന്ദ്രം ഓഹരിവിൽപ്പനയ്‌ക്ക്‌ സജ്ജമാക്കി. നിതി ആയോഗ്‌ 2021ൽ രണ്ട്‌ പൊതുമേഖലാ ബാങ്കിനെ സ്വകാര്യവൽക്കരിക്കാൻ ശുപാർശ ചെയ്‌തിരുന്നു. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ഇന്ത്യ ഓവർസീസ്‌ ബാങ്ക്‌ എന്നിവയെ ഇതിനായി തെരഞ്ഞെടുത്തെന്നും റിപ്പോർട്ടുകൾ വന്നു. പല കാരണത്താൽ നടപടികൾ നീണ്ടു. കഴിഞ്ഞ സാമ്പത്തികവർഷം പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം ഒരു ലക്ഷം കോടിയോളം രൂപയായി. അതിനാൽ ബാങ്കുകളുടെ വിൽപ്പന നടത്താൻ പറ്റിയ സമയമാണെന്ന്‌ കേന്ദ്രം കരുതുന്നു. ലയനങ്ങൾക്കുശേഷം രാജ്യത്ത്‌ നിലവിലുള്ളത്‌ 12 പൊതുമേഖലാ ബാങ്കാണ്‌. യൂകോ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര, സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, പഞ്ചാബ്‌ ആൻഡ്‌ സിന്ധ്  ബാങ്ക്‌, ഇന്ത്യൻ ഓവർസീസ്‌ ബാങ്ക്‌ എന്നിവയാണ്‌ സ്വകാര്യവൽക്കരണത്തിനായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കുകയെന്ന്‌ റിപ്പോർട്ടുണ്ട്‌. സ്വകാര്യവൽക്കരണം സാധ്യമാക്കാൻ ബാങ്കിങ്‌ നിയമഭേദഗതി ബിൽ സർക്കാർ തയ്യാറാക്കിയിട്ടുണ്ടെങ്കിലും പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല. Read on deshabhimani.com

Related News