ലൗ ജിഹാദെന്ന്‌ ; നാടകം 
അലങ്കോലമാക്കി ബജ്‌റംഗദൾ



ബംഗളൂരു ഹിന്ദുപയ്യന്‍ മുസ്ലിം യുവതിയെ വിവാഹം ചെയ്യുന്ന രംഗം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ആരോപിച്ച്  കർണാടകത്തിൽ മുന്നൂറോളം കാണികള്‍ കണ്ടുകൊണ്ടിരുന്ന നാടകം നിര്‍ത്തിവയ്പ്പിച്ച് ബജ്‌റംഗദൾ. ശിവമോഗയില്‍ ഞായറാഴ്ച രാത്രി അരങ്ങേറിയ രംഗബെലകു സംഘത്തിന്റെ ജാതെഗിരുവന ചന്ദിര എന്ന നാടകമാണ് തടഞ്ഞത്. വിഖ്യാത അമേരിക്കന്‍ നാടക രചയിതാവ് ജോസഫ് സ്റ്റെയ്‌ന്റെ  ഏറെ പ്രശസ്തമായ സം​ഗീതനാടകം"ഫിഡ്‌ലർ ഓൺ ദി റൂഫി'ന്റെ കന്നഡ പതിപ്പാണിത്. മൂലപതിപ്പിലെ ജൂതകഥാപാത്രത്തെ കന്ന‍ഡനാടകത്തില്‍   മുസ്ലിം കഥാപാത്രമാക്കി മാറ്റിയിട്ടുണ്ട്.  ഇതിലൊരു കഥാപാത്രം ഹിന്ദു പുരുഷനെ വിവാഹം ചെയ്യുന്നത് "ലൗ ജിഹാദി’ന് വഴിവയ്ക്കുമെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഹാളിലേക്ക് തള്ളിക്കയറിയ അക്രമികൾ സ്റ്റേജിലെ ലൈറ്റ് അണച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നു. 1990 മുതൽ കർണാടകത്തിലെ വിവിധയിടങ്ങളിൽ നാടകം പ്രദർശിപ്പിക്കുന്നുണ്ട്. ഇങ്ങനെയൊരു സംഭവം ആദ്യമാണെന്നും നാടകത്തിന്റെ അണിയറപ്രവർത്തകർ പ്രതികരിച്ചു. ശിവമോ​ഗയില്‍ തന്നെ മറ്റൊരിടത്ത് ജൂണ്‍ 16ന് എണ്ണൂറോളം കാണികള്‍ക്ക് മുന്നില്‍ നാടകം  പ്രദര്‍ശിപ്പിച്ചിരുന്നു. Read on deshabhimani.com

Related News