അയോദ്ധ്യ ഭൂമിത്തട്ടിപ്പ്‌: ഭൂമി കൈയ്യേറിയവരുടെ പട്ടികയിൽ ബിജെപി നേതാക്കൾ



ന്യൂഡൽഹി> അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്ന സ്ഥലത്തിന്‌ സമീപമുള്ള ഭൂമി കൈയ്യേറി അനധികൃതനിർമാണങ്ങൾ നടത്തുകയും ചെയ്‌തവരുടെ പട്ടികയിൽ ബിജെപി എംഎൽഎയും മുൻ എംഎൽഎയും മേയറും ഉൾപ്പടെയുള്ള പ്രമുഖർ.  സദർ എംഎൽഎ വേദ്‌പ്രകാശ്‌ ഗുപ്‌ത, മിൽക്കിപ്പുർ മുൻ എംഎൽഎ ഗോരഖ്‌നാഥ്‌ബാബ, അയോദ്ധ്യ സിറ്റി മേയർ റിഷികേശ്‌ ഉപാദ്ധ്യായ തുടങ്ങി 40 ഓളം പേരടങ്ങുന്ന പട്ടിക അയോദ്ധ്യവികസന അതോറിറ്റി പുറത്തുവിട്ടു. പട്ടികയിൽ പേരുള്ളവർക്ക്‌ എതിരെ അന്വേഷണം നടത്തുമെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും വികസന അതോറിറ്റി വൈസ്‌ചെയർമാൻ വിശാൽസിങ്ങ്‌ പ്രതികരിച്ചു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കാമെന്ന സുപ്രീംകോടതി ഉത്തരവിന്‌ പിന്നാലെ, നിർമാണസ്ഥലത്തിന്‌ അടുത്തുള്ള ഭൂമികൾ ഭൂമാഫിയ വൻതോതിൽ വാങ്ങിക്കൂട്ടുന്നതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എംഎൽഎമാർ, മുൻ എംഎൽഎമാർ, സർക്കാർ ഉദ്യോഗസ്ഥർ, അവരുടെ ബന്ധുക്കൾ തുടങ്ങിയവർ പങ്കാളികളായ അനധികൃത ഭൂമി ഇടപാടുകളാണ്‌ നടന്നിരുന്നത്‌. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാൻ ഉത്തർപ്രദേശ്‌ സർക്കാർ ഏകാംഗകമീഷനെ നിയമിച്ചിരുന്നു. ജനുവരിയിൽ കമീഷൻ റിപ്പോർട്ട്‌ സമർപ്പിച്ചെങ്കിലും വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. വിശദാംശങ്ങൾ തേടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകൾക്കും മറുപടി കിട്ടിയിട്ടില്ല. എന്നാൽ, തങ്ങൾ നിരപരാധികളാണെന്നും ഭൂമിത്തട്ടിപ്പുമായി ബന്ധമില്ലെന്നുമാണ്‌ പട്ടികയിൽ പേരുള്ള ബിജെപി നേതാക്കളുടെ അവകാശവാദം. ഈ വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്‌ അയോദ്ധ്യാഎംപിയും ബിജെപി നേതാവുമായ ലല്ലുസിങ്ങ്‌ കഴിഞ്ഞ ആഴ്‌ച്ച മുഖ്യമന്ത്രി യോഗിആദിത്യനാഥിന്‌ കത്ത്‌ നൽകി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്‌ ഭൂമിത്തട്ടിപ്പിന്‌ പങ്കാളികളായവരെ മുഴുവൻ കണ്ടെത്തണമെന്ന്‌ എംപി ഈ കത്തിൽ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News