മുസ്ലിമാണോയെന്ന് ചോദിച്ച് മര്‍ദനം; വൃദ്ധന് ദാരുണാന്ത്യം



ന്യൂഡൽഹി> മുസ്ലിമാണോയെന്നും പേര്‌ മുഹമ്മദ്‌ ആണോയെന്നും ചോദിച്ച്‌ മധ്യപ്രദേശിൽ ബിജെപി നേതാവ് മർദിച്ച വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള  ഭൻവർലാൽ ജയിനാ (65)ണ്‌ കൊല്ലപ്പെട്ടതെന്ന്‌ പൊലീസ്‌ പറഞ്ഞു. ബിജെപി മുൻ കോർറേഷൻ കൗൺസിലറുടെ ഭർത്താവുകൂടിയായ ദിനേശ് കുശ്വാഹ വൃദ്ധനെ ആവർത്തിച്ച് മർദിക്കുന്ന ദൃശ്യം പുറത്തുവന്നു. നീമച്ച് ജില്ലയിലാണ്‌ സംഭവം. രത് ലം ജില്ലയിലെ സാർസി സ്വദേശിയായ ഭൻവർലാൽ രാജസ്ഥാനിലെ മതചടങ്ങിൽ പങ്കെടുക്കാൻ പോയശേഷം മെയ്‌ 15 മുതൽ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ പൊലീസ്‌ അന്വേഷിക്കവെയാണ്‌ മർദനമേറ്റ്‌ മരിച്ചത്‌. ബന്ധുക്കളുടെ പരാതിയിൽ കൊലക്കുറ്റത്തിന്‌ ദിനേശ് കുശ്വാഹയ്ക്കെതിരെ പൊലീസ്‌ കേസെടുത്തു.ബെഞ്ചിൽ ഇരിക്കുന്ന ഭൻവർലാലിനോട്‌ പേര്‌ മുഹമ്മദ്‌ എന്നാണോയെന്നും ആധാർ കാർഡ്‌ കാണിക്കാനും ആവശ്യപ്പെട്ടാണ് ദിനേശ് കുശ്വാഹ മർദിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള ഇയാൾ മറുപടി പറയാൻ സമയമെടുത്തു. മർദിക്കാതിരിക്കാൻ പണം തരാമെന്ന്‌ വൃദ്ധൻ കേണുപറഞ്ഞിട്ടും ബിജെപിക്കാരൻ മർദനം തുടർന്നു. വഴിവക്കിൽനിന്നാണ്‌ മൃതദേഹം പൊലീസ്‌ കണ്ടെത്തിയത്‌.   Read on deshabhimani.com

Related News