അസമിലെ പൊലീസ്‌ ഭീകരത അപലപനീയം , ലക്ഷ്യമിട്ടത് ന്യൂനപക്ഷത്തെ : സിപിഐ എം



ന്യൂഡൽഹി അസമിൽ സർക്കാർ പിന്തുണയിൽ പൊലീസ്‌ കാട്ടുന്ന ഭീകര ക്രൂരതയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അപലപിച്ചു. ദരങ്‌ ജില്ലയിലെ ‌ധോൽപുർ–-ഗോരുക്കുതി മേഖലയിൽ പൊലീസ്‌ നടത്തിയ വെടിവയ്‌പിൽ രണ്ട്‌ പേർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്ക്‌ പരിക്കേൽക്കുകയും ചെയ്‌തു. ഇവിടെ ദശകങ്ങളായി താമസിക്കുന്ന ദരിദ്രകർഷകരായ ഇന്ത്യൻ പൗരന്മാർക്ക്‌ നേരെയാണ്‌ അനധികൃത കുടിയേറ്റക്കാരെന്ന്‌ സംശയിക്കുന്നവരെ ഒഴിപ്പിക്കുന്നുവെന്ന പേരിൽ സർക്കാർ അതിക്രമം അഴിച്ചുവിട്ടത്‌. പ്രദേശത്തെ മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട്‌ പൂർണമായും വർഗീയമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കുന്ന പദ്ധതിയാണിത്‌. എല്ലാ പൗരന്മാർക്കും തുല്യതയും സുരക്ഷയും ഉറപ്പുനൽകുന്ന ഭരണഘടനയ്‌ക്കുനേരെയുള്ള കടന്നാക്രമണമാണ്‌ നടക്കുന്നത്‌. പൊലീസ്‌ ക്രൂരതയുടെ ദൃശ്യം പുറത്തുവന്നു. ഇതിൽ ഉൾപ്പെട്ട പൊലീസുകാർക്കെതിരെ നടപടി വേണം. സംഭവത്തെക്കുറിച്ച്‌ ഗുവാഹത്തി ഹൈക്കോടതി സിറ്റിങ്‌ ജഡ്‌ജി അന്വേഷിക്കണം. എല്ലാ ഒഴിപ്പിക്കലും നിർത്തിവയ്‌ക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണം. അസമിലെ ബിജെപി സർക്കാരിന്റെ വിഷലിപ്‌ത വർഗീയ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പൊരുതുന്ന മതനിരപേക്ഷ, ജനാധിപത്യ ശക്തികൾക്ക്‌  പാർടി പിന്തുണ നൽകുമെന്ന്‌ പൊളിറ്റ്‌ബ്യൂറോ അറിയിച്ചു.   Read on deshabhimani.com

Related News