വിലക്ക്‌ നീക്കിയത്‌ ഏഷ്യാനെറ്റ് മാപ്പിരന്നപ്പോള്‍



ന്യൂഡൽഹി ഏഷ്യാനെറ്റ്‌ ന്യൂസിന്‌ 2020 മാർച്ച്‌ ആറിന്‌ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക്‌ നീക്കിയത്  ചാനലിന്റെ നിരുപാധിക മാപ്പിരക്കലിനെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഐടി സ്‌റ്റാൻഡിങ്‌ കമ്മിറ്റി പാർലമെന്റിൽ മേശപ്പുറത്തുവച്ച  റിപ്പോർട്ടിലാണ്‌ ഇക്കാര്യം. ഡൽഹി കലാപ റിപ്പോർട്ടിങ്ങിന്റെ പേരില്‍ അടിച്ചേല്‍പ്പിച്ച സംപ്രേഷണവിലക്ക്‌ നീക്കാൻ  മാപ്പ്‌ പറഞ്ഞിട്ടില്ലെന്നായിരുന്നു ചാനലിന്റെ അവകാശവാദം.ഏഷ്യാനെറ്റ്‌ ന്യൂസ്,  മീഡിയവൺ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ തടഞ്ഞു. അന്നുതന്നെ ഏഷ്യാനെറ്റ്‌ ന്യൂസ്‌  മാപ്പപേക്ഷിച്ചതോടെ പുലർച്ചെ 1.30നു വിലക്ക്‌ നീക്കി.  ഒരേ വിഷയത്തിൽ തുല്യശിക്ഷ എന്ന സമീപനത്താല്‍, മാപ്പപേക്ഷിച്ചില്ലെങ്കിലും  രാവിലെ 7.30നു മീഡിയവണ്ണിന്റെ വിലക്കും നീക്കി–- മന്ത്രാലയം അറിയിച്ചു. വിശദീകരണം ചോദിക്കാതെ ചാനലുകൾക്കെതിരെ നടപടിയെടുത്തത്‌ മാധ്യമസ്വാതന്ത്ര്യത്തിനു ഹാനികരമാണെന്ന്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റി വിലയിരുത്തി. ‘ദേശവിരുദ്ധ മനോഭാവം’ പ്രോത്സാഹിപ്പിച്ചതിനാലാണ് നടപടിയെന്നാണ് കേന്ദ്ര വിശദീകരണം. 2014ലെ കേബിൾ നെറ്റ്‌വർക്ക്‌ ചട്ടങ്ങളിൽ ‘ദേശവിരുദ്ധ മനോഭാവ’ത്തിന്‌ വ്യക്തമായ നിർവചനമില്ല. ഇത്‌  സ്വകാര്യ ചാനലുകളെ വേട്ടയാടാൻ   വഴിയൊരുക്കും–-  ശശി തരൂർ അധ്യക്ഷനായ കമ്മിറ്റി ചൂണ്ടിക്കാട്ടി. ജോൺ ബ്രിട്ടാസ്‌, സുരേഷ്‌ ഗോപി തുടങ്ങിയവരും അംഗങ്ങളാണ്‌. Read on deshabhimani.com

Related News