‘ഗുജറാത്തിൽ റോബോട്ട്‌ ഭരണം’ , എല്ലാം നിയന്ത്രിക്കുന്നത്‌ ഡൽഹിയിൽനിന്ന്‌ : അശോക്‌ മോച്ചി



അഹമ്മദാബാദ്‌ ‘‘റോബോട്ട്‌ ഭരണമാണ്‌ ഗുജറാത്തിൽ. ഡൽഹിയിൽനിന്നാണ്‌ എല്ലാം നിയന്ത്രിക്കുന്നത്‌. എന്നാൽ, ജനങ്ങൾക്ക്‌ ഗുണമൊന്നുമില്ല. വിലക്കയറ്റം കാരണം ജീവിക്കാൻ കഴിയുന്നില്ല. ചെറുപ്പക്കാർക്ക്‌ തൊഴിലുമില്ല’’–-അശോക്‌ മോച്ചി പറഞ്ഞു. ഗുജറാത്ത്‌ വംശഹത്യകാലത്ത്‌, തലയിൽ കാവിനാട കെട്ടി കൈയിൽ ആയുധവുമായി അലറിവിളിക്കുന്ന മോച്ചിയുടെ ചിത്രം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.  അക്രമികളുടെ ‘പ്രതീക’മായി അറിയപ്പെട്ട മോച്ചി ഇന്ന്‌ പുതിയ മനുഷ്യനാണ്‌. പഴയ അഹമ്മദാബാദ്‌ നഗരത്തിൽ ഡൽഹി ദർവാസയ്‌ക്കു സമീപം ചെരുപ്പുകുത്തിയായി പണിയെടുത്താണ്‌ അദ്ദേഹം ജീവിതം മുന്നോട്ട്‌ നീക്കുന്നത്‌. തെരുവോരത്ത്‌ പണിയെടുത്തും തൊട്ടടുത്തുള്ള സ്‌കൂൾവളപ്പിൽ അന്തിയുറങ്ങിയും കഴിയുമ്പോഴും മോച്ചി രാഷ്‌ട്രീയകാര്യങ്ങളിൽ ശ്രദ്ധാലുവാണ്‌. ഒന്നാംഘട്ട വോട്ടെടുപ്പിന്‌ ദിവസങ്ങൾമാത്രം ശേഷിക്കേ മോച്ചി ഗുജറാത്തിനെ ഇങ്ങനെ നിരീക്ഷിക്കുന്നു:  ‘‘ഹിന്ദുത്വവാദം  മാത്രമാണ്‌ ബിജെപി പറയുന്നത്‌. ആർക്കും അതുകൊണ്ട് ​ഗുണമില്ല. ദളിതരും ആദിവാസികളും അവരുടെ പരിഗണനയിൽ വരുന്നില്ല. സാധാരണക്കാർ കഷ്ടപ്പെടുകയാണ്‌. മദ്യം നിരോധിച്ച സംസ്ഥാനത്ത്‌  വിഷമദ്യം കഴിച്ച്‌ അടിക്കടി ആളുകൾ മരിക്കുന്നു. സർക്കാരിന്‌ ഉത്തരവാദിത്വമില്ല. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന്‌ ഇതൊന്നും ചോദ്യംചെയ്യാൻ കഴിയുന്നില്ല. നേതാക്കൾ തമ്മിൽ ഐക്യമോ പോരാട്ടവീറോ ഇല്ലാത്ത പാർടിയായി കോൺഗ്രസ്‌ മാറി. സമുദായപ്രീണനം മാത്രമാണ്‌ കോൺഗ്രസും ചെയ്യുന്നത്‌. അവർ  ഭൂതകാലത്തിൽനിന്ന്‌ മാറിയിട്ടില്ല. ആം ആദ്‌മി പാർടി വ്യക്തമായ നിലപാടില്ലാതെ രംഗത്തുണ്ട്‌.’’ കേരളത്തിൽ അഞ്ചുതവണ വരികയും പരിപാടികളിൽ പങ്കെടുക്കുകയും ചെയ്‌ത മോച്ചി ഇടതുപക്ഷത്തെയാണ്‌ പ്രതീക്ഷയോടെ കാണുന്നത്‌. Read on deshabhimani.com

Related News