ഗെലോട്ട്‌ x പൈലറ്റ് ; രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ‘മത്സരം’



ന്യൂഡൽഹി സോണിയ കുടുംബത്തിന്റെ പിന്തുണയോടെ കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥി പരിവേഷത്തിൽ മത്സരത്തിനിറങ്ങാൻ സജ്ജനായി അശോക്‌ ഗെലോട്ട്‌. മുഖ്യമന്ത്രി പദമൊഴിയുമെന്ന്‌ വ്യക്തമാക്കിയ ഗെലോട്ട്‌ ഉടൻ പത്രിക സമർപ്പിക്കുമെന്ന്‌ അറിയിച്ചു. പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ​ഗെലോട്ടിന് കൃത്യമായ മറുപടിയില്ല. സച്ചിൻ പൈലറ്റ്‌ മുഖ്യമന്ത്രിയാകട്ടെയെന്ന നിലപാടിലാണ്‌ സോണിയ കുടുംബം. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സോണിയയും ജനറൽ സെക്രട്ടറി അജയ്‌ മാക്കനുമാകും തീരുമാനമെടുക്കുകയെന്ന സൂചനയും ഗെലോട്ട്‌ മാധ്യമങ്ങള്‍ക്ക് നല്‍കി. ഇക്കാര്യത്തില്‍ എംഎൽഎമാരുടെ അഭിപ്രായം തേടണമെന്ന നിലപാടാണ്‌ ഗെലോട്ടിന്‌. ഗെലോട്ട്‌ ഒഴിഞ്ഞാൽ സച്ചിൻ പൈലറ്റ്‌ മുഖ്യമന്ത്രിയാകുമെന്ന്‌ രാജസ്ഥാന്‍ മന്ത്രി രാജേന്ദ്ര ഗുധ പരസ്യപ്രതികരണം നടത്തി. രാജേന്ദ്രയടക്കം ബിഎസ്‌പിയിൽനിന്ന്‌ കോൺഗ്രസിലെത്തിയ ആറ്‌ എംഎൽമാരും സച്ചിനെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു. അശോക്‌ ഗെലോട്ടും ശശി തരൂരും രംഗത്തുവന്നതോടെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മത്സരം തീർച്ചയായിട്ടുണ്ട്‌. അതേസമയം, ഒന്നിലേറെ സ്ഥാനാർഥികളുണ്ടെങ്കിൽ നിഷ്‌പക്ഷത പാലിക്കുമെന്ന നിലപാട്‌ സോണിയ ഗാന്ധി ആവർത്തിച്ചു. വെള്ളിയാഴ്‌ച ഹരിയാന മുൻമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഭൂപീന്ദർ സിങ്‌ ഹൂഡയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ സോണിയ ഇക്കാര്യം ആവർത്തിച്ചത്‌. കഴിഞ്ഞ ദിവസം ശശി തരൂരിനെ കണ്ടപ്പോഴും സോണിയ നിലപാട്‌ അറിയിച്ചിരുന്നു. ഇതോടെ മനീഷ്‌ തിവാരിയടക്കം കൂടുതൽപേർ സ്ഥാനാർഥികളാകുമെന്ന്‌ സൂചനയുണ്ട്‌. എന്നാൽ, മത്സരത്തിനില്ലെന്ന്‌ മധ്യപ്രദേശ്‌ മുൻമുഖ്യമന്ത്രി ദിഗ്‌വിജയ്‌ സിങ്‌ വ്യക്തമാക്കി. Read on deshabhimani.com

Related News