വിട്ടുവീഴ്‌ചയില്ലാതെ ഗെലോട്ട്‌



ന്യൂഡൽഹി    കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന ശശി തരൂർ വെള്ളിയാഴ്‌ച പത്രിക നൽകാനിരിക്കെ മത്സരിക്കാന്‍ ആളെ കിട്ടാതെ സോണിയകുടുംബഭക്തര്‍ നെട്ടോട്ടത്തില്‍.  പത്രികാ സമർപ്പണത്തിന്‌ ശേഷിക്കുന്നത് രണ്ടുദിവസം മാത്രം. സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അശോക്‌ ഗെലോട്ട്‌ പക്ഷം ഉറച്ചുനിന്നത് നേതൃത്വത്തെ വെട്ടിലാക്കി. അവസാനവട്ട ഒത്തുതീർപ്പു ചർച്ചകൾക്ക്‌ ഗെലോട്ടിനെ ഹൈക്കമാൻഡ്‌ വീണ്ടും ഡൽഹിക്ക്‌ വിളിപ്പിച്ചു. ഗെലോട്ടിനു പകരം മറ്റൊരാളെ പ്രസിഡന്റാക്കുന്ന ചർച്ചയും എങ്ങുമെത്തിയിട്ടില്ല. സോണിയ കുടുംബത്തിനു കീഴിൽ ഡമ്മി പ്രസിഡന്റാകാൻ പല നേതാക്കളും തയ്യാറല്ല. എ കെ ആന്റണിയടക്കം പല മുതിർന്ന നേതാക്കളുമായി സോണിയ കൂടിക്കാഴ്‌ച നടത്തി. മുതിർന്ന നേതാക്കളോട്‌ രണ്ടു ദിവസം ഡൽഹിയിൽ തങ്ങാൻ സോണിയ നിർദേശിച്ചു. മുഖ്യമന്ത്രിസ്ഥാനം ഗെലോട്ട്‌ രാജിവയ്‌ക്കില്ലെന്ന് അദ്ദേഹത്തിന്റെ വിശ്വസ്‌തൻ പ്രതാപ്‌ സിങ്‌ കച്ചരിയവാസ്‌ ജയ്‌പുരിൽ മാധ്യമങ്ങളോട്‌ പറഞ്ഞു. ഗെലോട്ട്‌ വിഭാഗത്തെ സമ്മർദത്തിലാക്കാൻ സച്ചിൻ പൈലറ്റിനെതിരെ നിലപാടെടുത്ത മൂന്ന്‌ മുതിർന്ന നേതാക്കൾക്ക്‌ ഹൈക്കമാൻഡ്‌ അച്ചടക്കലംഘനത്തിന്‌ കാരണംകാണിക്കൽ നോട്ടീസ്‌ നൽകി. പത്തു ദിവസത്തിനകം മറുപടി നൽകാനുള്ള നിർദേശമുൾപ്പെടെ അവഗണിച്ച്‌ ഗെലോട്ട്‌ പക്ഷം കടുത്ത നിലപാട്‌ തുടർന്നതോടെ നേതൃത്വം നിസ്സഹായരായി. കോൺഗ്രസിലെ 92 അടക്കം 102 എംഎൽഎമാർ ഒപ്പമുണ്ടെന്നാണ്‌ ഗെലോട്ട്‌ പക്ഷം അവകാശപ്പെടുന്നത്‌. 200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമുണ്ടെന്ന ഭീഷണി മുന്നറിയിപ്പുകൂടിയാണ് ഇത്‌. ഗ്രൂപ്പ്‌ യോഗങ്ങളിൽനിന്ന്‌ തന്ത്രപൂർവം വിട്ടുനിൽക്കുന്ന ഗെലോട്ട്‌, നീക്കം തന്റെ അറിവോടെയല്ലെന്നു സ്ഥാപിക്കാനാണ്‌ ശ്രമിക്കുന്നത്‌.  പ്രസിഡന്റ്‌,  മുഖ്യമന്ത്രി സ്ഥാനങ്ങൾ ഒരുമിച്ച്‌ വഹിക്കാൻ ഗെലോട്ടിനെ അനുവദിക്കുകയോ അല്ലെങ്കിൽ തങ്ങൾ നിർദേശിക്കുന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നാണ്‌ ഈ വിഭാഗത്തിന്റെ ആവശ്യം. ഇതിന്‌ ഹൈക്കമാൻഡ്‌ വഴങ്ങിയിട്ടില്ല. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വി​ഗ് വിജയ് സിങ്ങിനെ സോണിയ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട് Read on deshabhimani.com

Related News