രണ്ടാഴ്‌ച ഡൽഹിയിൽ സുഖവാസം



ന്യൂഡൽഹി> ഭരണഘടനാ തത്വങ്ങളും ഫെഡറൽ മൂല്യങ്ങളും കാറ്റിൽപ്പറത്തി സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച്‌ നീങ്ങുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഡൽഹിയിലേക്ക്‌. ബുധനാഴ്‌ച എത്തുന്ന ആരിഫ്‌ ഒക്‌ടോബർ മൂന്നുവരെ തുടരാനാണ്‌ പദ്ധതി. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ഇത്രയധികം ദിവസം ഗവർണർമാർ രാജ്‌ഭവനിൽനിന്ന്‌ മാറിനിൽക്കാറില്ല. നിരവധി ബില്ലുകൾ പരിഗണനയിലിരിക്കെ, ഗവർണറുടെ ദീർഘമായ വിട്ടുനിൽക്കൽ സംസ്ഥാന സർക്കാരിനോടുള്ള വെല്ലുവിളി കൂടിയാണ്‌. കേന്ദ്ര മന്ത്രിപദവിയും ഉപരാഷ്ട്രപതി സ്ഥാനവും കിട്ടാത്തതിനാൽ ബിജെപി നേതൃത്വത്തോട്‌ അതൃപ്‌തിയുള്ള ഗവർണർ ആർഎസ്‌എസ്‌ നേതൃത്വവുമായി അടുക്കാനുള്ള ശ്രമത്തിലാണ്‌. ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവതിനെ പ്രോട്ടോക്കോൾ ലംഘിച്ച്‌ അങ്ങോട്ടുപോയി കണ്ട ആരിഫ്‌ ശനിയാഴ്‌ച ഗുവാഹത്തിയിൽ ആർഎസ്‌എസ്‌ സംഘടനയായ പ്രജ്‌ഞാപ്രവാഹിന്റെ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ആരിഫ്‌ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. സർക്കാർ ചെലവിൽ എല്ലാ മാസവും രണ്ടുവട്ടമെങ്കിലും നിരവധി സ്‌റ്റാഫ്‌ അംഗങ്ങളുമായി ഡൽഹിയിൽ എത്താറുള്ള ആരിഫ്‌, ഇത്രയധികം ദിവസം തുടർച്ചയായി നിൽക്കുന്നത്‌ ആദ്യം. എല്ലാ ദിവസവും ദൃശ്യമാധ്യമങ്ങളെ കണ്ട്‌ സംസ്ഥാന സർക്കാരിനെതിരായി പ്രതികരിക്കുന്നത്‌ പതിവാണ്‌. യുപിയിൽനിന്നും ഡൽഹിയിൽനിന്നും മറ്റുമായി എത്തുന്നവരുമായി കേരള ഹൗസിൽ കൂടിക്കാഴ്‌ചയുമുണ്ടാകും. ഇവർക്കെല്ലാം സർക്കാർ ചെലവിൽ ഭക്ഷണമടക്കം കേരള ഹൗസിൽ നിന്നാണ്‌. Read on deshabhimani.com

Related News