കുത്തബ്‌മിനാർ ആരാധനയ്‌ക്കായി വിട്ടുകൊടുക്കാനാകില്ല: ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ



ന്യൂഡൽഹി കുത്തബ്‌മിനാർ ആരാധനയ്‌ക്കായി വിട്ടുകൊടുക്കാനാകില്ലെന്ന്‌ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ (എഎസ്‌ഐ). പൗരാണികസ്‌മാരകങ്ങളെയും പുരാവസ്‌തു കേന്ദ്രങ്ങളെയും സംബന്ധിച്ച 1958ലെ നിയമപ്രകാരം നിലവിലുള്ള പൗരാണികകേന്ദ്രങ്ങളൊന്നും ആരാധനയ്‌ക്കായി വിട്ടുകൊടുക്കാൻ പറ്റില്ലെന്ന്‌ എഎസ്‌ഐ ഡൽഹി സാകേത്‌ ജില്ലാ കോടതിയെ അറിയിച്ചു. കുത്തബ്‌മിനാറിന്റെ രൂപഘടനയിൽ ഒരുമാറ്റവും വരുത്താനാകില്ല. പുരാവസ്‌തു വിഭാഗം ഏറ്റെടുത്തപ്പോൾ അവിടെ ഒരു മതവിഭാഗവും ആരാധന നടത്തിയിരുന്നില്ലെന്നും എഎസ്‌ഐക്കുവേണ്ടി ഹാജരായ അഡ്വ. സുഭാഷ്‌ ഗുപ്‌ത പറഞ്ഞു. കുത്തബ്‌മിനാറിൽ ചില വിഗ്രഹങ്ങൾ ഉണ്ടെന്നത്‌ ശരിയാണെന്നും കൂട്ടിച്ചേർത്തു. ഇരുപത്തേഴ്‌ ഹിന്ദു, ജൈന ക്ഷേത്രം ഇടിച്ചുനിരത്തിയാണ്‌ കുത്തബ്‌മിനാറിലെ ക്വവാത്തുൾ ഇസ്ലാം മസ്ജിദ്‌ നിർമിച്ചതെന്നാരോപിച്ച്‌ ഹരിശങ്കർ ജെയിനാണ്‌ ഹർജി നൽകിയത്‌. ഹർജിക്കാരന്റെ വാദം മുഖവിലയ്‌ക്കെടുത്താലും 800 വർഷം മുമ്പുനടന്ന സംഭവത്തിന്‌ ഇപ്പോൾ എങ്ങനെ പരിഹാരം കാണുമെന്ന്‌ കോടതി ചോദിച്ചു. ആരാധനയ്‌ക്കുള്ള അവകാശം മൗലികാവകാശമാണെന്ന ഹർജിക്കാരന്റെ വാദം കോടതി പരിശോധിക്കും–- ജഡ്‌ജി നിരീക്ഷിച്ചു. ജൂൺ ഒമ്പതിന്‌ വിധി പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.   Read on deshabhimani.com

Related News