പാപ്പരാകാന്‍ റിലയന്‍സ് ക്യാപിറ്റലും ; അനില്‍ അംബാനിയുടെ കമ്പനിയുടെ ഭരണസമിതി അസാധുവാക്കി റിസര്‍വ് ബാങ്ക്



മുംബൈ ലോകത്തെ അതിസമ്പന്നരില്‍ പതിനൊന്നാമനായ മുകേഷ് അംബാനിയുടെ അനുജന്‍ അനില്‍ അംബനിയുടെ  റിലയന്‍സ് ക്യാപിറ്റല്‍ പാപ്പരായതായി പ്രഖ്യാപിക്കാന്‍ നടപടി ആരംഭിച്ച് ഇന്ത്യന്‍ റിസര്‍വ് ബാങ്ക്. കടമെടുത്ത തുക തിരിച്ചടയ്ക്കുന്നതില്‍ തുടര്‍ച്ചായി വീഴ്ചവരുത്തിയ കമ്പനി ഭരണസമിതി അസാധുവായതായി റിസര്‍വ്ബാങ്ക് പ്രഖ്യാപിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വൈ നാഗേശ്വര റാവുവിനെ കമ്പനി അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. തിരിച്ചടവ് മുടക്കിയ കമ്പനിയില്‍ "ഗുരുതര ഭരണപ്രശ്‌നം' ഉള്ളതായി റിസര്‍വ് ബാങ്ക് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. അഡ്മിനിസ്‌ട്രേറ്ററെ പാപ്പരത്വപ്രക്രിയ ആരംഭിക്കുന്നതിന് ചുമതലപ്പെടുത്താന്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ചിന് റിസര്‍വ് ബാങ്ക് അപേക്ഷ നല്‍കും.ലോകത്തെ അതിസമ്പന്ന പട്ടികയില്‍ ആറാം സ്ഥാനത്തുവരെ എത്തിയ അനില്‍ അംബാനി 2020 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് കോടതിയില്‍ പാപ്പര്‍സ്യൂട്ട് ഫയല്‍ചെയ്തു. ദുരൂഹമായ നീക്കമായ് ഇതിനെ രാജ്യാന്തര ധനകാര്യമാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. 58,000കോടി രൂപയുടെ റഫാല്‍ യുദ്ധവിമാനക്കരാറില്‍ അനില്‍ അംബാനി തട്ടിക്കൂട്ടിയ പ്രതിരോധനിര്‍മാണ കമ്പനി റിലയന്‍സ് ഡിഫന്‍സിന് ശതകോടികളുടെ ഉപകരാര്‍ ലഭിച്ചതും ഏറെ കോളിളക്കമുണ്ടാക്കി. Read on deshabhimani.com

Related News