ജില്ലയുടെ പേര്‌ മാറ്റി; 
ആന്ധ്ര മന്ത്രിയുടെ വീട്‌ കത്തിച്ചു



ന്യൂഡൽഹി ആന്ധ്രയിൽ പുതുതായി രൂപീകരിച്ച കോണസീമ ജില്ലയുടെ പേര്‌ അംബേദ്‌കർ ജില്ലയെന്ന്‌ മാറ്റുന്നതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാ​ഗം ഗതാഗതമന്ത്രി പിനിപ്പെ വിശ്വരൂപിന്റെ അമലപുരത്തെ വീടിന്‌ തീയിട്ടു. കലക്‌ടറേറ്റില്‍ പൊലീസ്‌ വാഹനങ്ങൾക്കും ട്രാൻസ്‌പോർട്ട്‌ ബസുകൾക്കും തീയിട്ടു.ഡിവൈഎസ്‌പി വൈ മാധവ് റെഡ്ഡിയടക്കം 20 പേർക്ക്‌ പരിക്കേറ്റു. ഏപ്രിൽ നാലിന്‌ കിഴക്കൻ ഗോദാവരി ജില്ലയിൽനിന്ന്‌ രൂപീകരിച്ച പുതിയ ജില്ലയുടെ പേരാണ്‌ ബി ആർ അംബേദ്കർ കോണസീമ ജില്ല എന്നാക്കി വിജ്ഞാപനമിറക്കിയത്‌.  കോണസീമ ജില്ലാ സാധനസമിതിയുടെ നേതൃത്വത്തിൽ പേര്‌ മാറ്റത്തിനെതിരെ നിവേദനം നൽകാനെത്തിയയവരാണ് മണിക്കൂറുകളോളം കാത്തുനിന്നിട്ടും മന്ത്രി വരാതായതോടെ  വസതിക്ക്‌ തീയിട്ടത്‌. മന്ത്രിയുടെ കുടുംബം പ്രാണരക്ഷാർഥം വീടുവിട്ടോടി. സ്ഥലത്തുണ്ടായിരുന്ന പൊലീസിനും സംഘർഷം നിയന്ത്രിക്കാനായില്ല. ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ വീട്‌ പൂർണമായും കത്തി. വിഷയത്തിൽ വൻ പ്രതിഷേധമാണ്‌ വൈഎസ്‌ആർ കോൺഗ്രസ്‌ സർക്കാരിനെതിരെ ഉയരുന്നത്‌.  അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന്‌ ആഭ്യന്തരമന്ത്രി തനേതി വനിത പ്രതികരിച്ചു. Read on deshabhimani.com

Related News