രഹസ്യധാരണ ആരോപണവുമായി അമിത്‌ ഷാ

image credit amit shah twitter


അഗർത്തല ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷിയായ തിപ്ര മോതയ്‌ക്ക്‌ സിപിഐ എമ്മുമായും കോൺഗ്രസുമായും രഹസ്യധാരണയുണ്ടെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. സിപിഐ എമ്മും കോൺഗ്രസും ആദിവാസികളെ ബഹുമാനിച്ചിട്ടില്ലെന്നും അഗർത്തലയിലെ ശാന്തിബസാറിൽ ബിജെപി തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗത്തിൽ അമിത്‌ ഷാ ആരോപിച്ചു. തിപ്ര മോതയുമായി തെരഞ്ഞെടുപ്പ്‌ സഖ്യമുണ്ടാക്കാൻ ബിജെപി ശ്രമിച്ചിരുന്നു. രണ്ടു വർഷംമുമ്പ്‌ നടന്ന ത്രിപുര ആദിവാസിമേഖല സ്വയംഭരണ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ തിപ്ര മോത നിയമസഭാ തെരഞ്ഞെടുപ്പിൽ 42 മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്‌. സംസ്ഥാനത്ത്‌ മൊത്തം 60 മണ്ഡലമാണ്‌. 20 മണ്ഡലത്തിൽ ആദിവാസികളാണ്‌ ഭൂരിപക്ഷം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്ന്‌ തിപ്ര മോത ആഹ്വാനം ചെയ്‌തിട്ടുമുണ്ട്‌. വിശാല മതനിരപേക്ഷ മുന്നണിയിൽ സിപിഐ എം 43 സീറ്റിൽ മത്സരിക്കുന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, ബൃന്ദ കാരാട്ട്‌, മുഹമ്മദ്‌ സലിം എന്നിവർ ബുധനാഴ്‌ചമുതൽ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കും. പൊളിറ്റ്‌ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ മണിക്‌ സർക്കാരിന്റെ പര്യടനം കഴിഞ്ഞ ഒന്നിന്‌ തുടങ്ങി. സംസ്ഥാന സെക്രട്ടറിയും ശബ്‌റൂം മണ്ഡലത്തിലെ സ്ഥാനാർഥിയുമായ ജിതേന്ദ്ര ചൗധരിയുടെ പര്യടനം ചൊവ്വാഴ്‌ച തുടങ്ങും. 16നാണ്‌ പൊതുതെരഞ്ഞെടുപ്പ്‌. Read on deshabhimani.com

Related News