ചർച്ച പരാജയം, സമരം തുടരും ; ബ്രിജ്‌ ഭൂഷണിന്റെ അറസ്റ്റിൽ ഉറപ്പ്‌ നൽകാതെ അമിത്‌ ഷാ



ന്യൂഡൽഹി ലൈംഗിക പീഡനക്കേസ്‌ പ്രതിയായ ബിജെപി എംപി ബ്രിജ്‌ ഭൂഷണിന്റെ അറസ്റ്റ്‌ ആവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം. ശനി രാത്രി അതീവരഹസ്യമായി നടത്തിയ ചര്‍ച്ച രണ്ടു മണിക്കൂറോളം നീണ്ടു. ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ ഭൂഷണിനെ അറസ്റ്റ്‌ ചെയ്യുന്നതിൽ ഉറപ്പ്‌ നൽകാൻ അമിത്‌ ഷാ തയ്യാറായില്ല. ഇതോടെ സമരം ശക്തമായി തുടരുമെന്നും നീതിലഭിക്കുംവരെ പിന്നോട്ടില്ലെന്നും താരങ്ങൾ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. അറസ്റ്റിൽ ഉറച്ചുനിന്നു. നീതി ലഭിക്കുംവരെ സമരം തുടരും–-സാക്ഷി മലിക് പ്രതികരിച്ചു. സമരത്തിൽനിന്ന്‌ പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങളെയും താരങ്ങൾ തള്ളി. അമിത്‌ ഷായിൽനിന്ന്‌ അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന്‌ സാക്ഷിയുടെ ഭർത്താവും ഗുസ്‌തി താരവുമായ സത്യവർഥ്‌ കഠിയാൻ വ്യക്തമാക്കി. പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനത്തിന്റെ തൊട്ടുതലേന്നും അമിത്‌ ഷാ താരങ്ങളുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. മെയ്‌ 28ന്‌ പാർലമെന്റ്‌ മാർച്ച്‌ നടത്തിയ ഗുസ്‌തി താരങ്ങളെ കേന്ദ്ര സർക്കാരിനു കീഴിലുള്ള ഡൽഹി പൊലീസ്‌ തല്ലിച്ചതയ്‌ക്കുകയും അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു. ഇതിനു പിന്നാലെ ഒളിമ്പിക്‌ മെഡലുകളടക്കം ഗംഗയിലൊഴുക്കുമെന്ന്‌ താരങ്ങൾ കടുത്ത തീരുമാനമെടുത്തു. താരങ്ങളെ അനുനയിപ്പിച്ച്‌ നീക്കം തടഞ്ഞശേഷം കർഷക നേതാക്കൾ കേന്ദ്ര സർക്കാരിന്‌ നൽകിയ അഞ്ചുദിവസം സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ്‌ ഷാ വീണ്ടും ചർച്ചയ്‌ക്ക്‌ നിർബന്ധിതനായത്‌. Read on deshabhimani.com

Related News