അമർജവാൻജ്യോതി 'കെടുത്തി' കേന്ദ്രം ; നടപടിക്കെതിരെ മുൻ സൈനിക ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും

videograbbed image


ന്യൂഡൽഹി ഇന്ത്യ–-പാക്‌ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്‌മൃതിജ്വാലയായ ഇന്താ ഗേറ്റിലെ അമർജവാൻജ്യോതി കേന്ദ്രസർക്കാർ "അണച്ചു'. കേന്ദ്ര നടപടിക്കെതിരെ മുൻ സൈനികഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും രംഗത്തെത്തി. ജ്യോതി ദേശീയ യുദ്ധസ്‌മാരകത്തിലെ ജ്വാലയിൽ ലയിപ്പിച്ചു. വെള്ളിയാഴ്‌ച അമർജവാൻ ജ്യോതിയിൽനിന്ന്‌ തെളിയിച്ച ജ്വാല ദേശീയ യുദ്ധസ്‌മാരകത്തിൽ എത്തിച്ച്‌ അവിടത്തെ ജ്വാലയിൽ ലയിപ്പിക്കുകയായിരുന്നു. സിഐഎസ്‌സി ഇന്റഗ്രേറ്റഡ്‌ ഡിഫെൻസ്‌ സ്‌റ്റാഫ്‌ മേധാവി എയർമാർഷൽ ബി ആർ കൃഷ്‌ണയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്‌. ‘ഇന്ത്യാ ഗേറ്റിലെ അമരജ്വാല ഇന്ത്യയുടെ മനഃസാക്ഷിയുടെ ഭാഗമാണെന്ന്‌ മുൻ എയർവൈസ്‌മാർഷൽ മൻമോഹൻ ബഹാദൂർ പറഞ്ഞു. ഞാനും നിങ്ങളും ഉൾപ്പെടെയുള്ള തലമുറ അനശ്വര രക്തസാക്ഷികൾക്ക്‌ അവിടെയാണ്‌ ആദരമർപ്പിച്ചിരുന്നത്‌. സർക്കാർ നടപടി പിൻവലിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ്‌ചെയ്‌ത്‌ അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. വിശുദ്ധമായ അമർജവാൻജ്യോതി  കെടുത്താൻ പാടില്ലായിരുന്നെന്ന്‌ റിട്ട. കേണൽ രാജേന്ദ്രബഹാദുറി പ്രതികരിച്ചു. എന്തിനാണ്‌ ജ്യോതി ബിജെപി സർക്കാർ കെടുത്തിക്കളഞ്ഞതെന്ന്‌ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലെന്ന്‌ മുൻ ലെഫ്‌. ജനറൽ കമൽജിത്‌ സിങ്‌ പറഞ്ഞു. നടപടി ഒരുകാരണവശാലും അംഗീകരിക്കില്ലെന്ന്‌ മുൻ ലെഫ്‌. കേണൽ അനിൽദുഹൂണ്‍ പ്രതികരിച്ചു. നടപടി ദുഃഖകരമാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി ട്വീറ്റ്‌ ചെയ്‌തു. 1971ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിർദേശപ്രകാരമാണ്‌ ഇന്ത്യാ ഗേറ്റിൽ അമർജവാൻ ജ്യോതി തെളിച്ചത്‌. പിന്നീട്‌ എല്ലാ റിപ്പബ്ലിക്ക്‌ ദിനത്തിലും രാഷ്ട്രപതി, പ്രധാനമന്ത്രി, സൈനികമേധാവികൾ തുടങ്ങിയവർ ഇവിടെയെത്തി ആദരമർപ്പിച്ചു. എന്നാൽ, 2020 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്‌മാരകത്തിലാണ്‌ ആദരമർപ്പിക്കുന്നത്. Read on deshabhimani.com

Related News