മോദിഭരണത്തെ ട്രോളിയാൽ അറസ്റ്റ് ; മൊഹമ്മദ്‌ സുബൈറിനെ അറസ്‌റ്റ്‌ ചെയ്‌തത്‌ നാലു വർഷം മുമ്പുള്ള ട്വീറ്റിന്റെ പേരില്‍



ന്യൂഡൽഹി വ്യാജവാർത്ത തുറന്നുകാട്ടുന്ന ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മൊഹമ്മദ്‌ സുബൈറിനെ ഡൽഹി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌ നാലു വർഷം മുമ്പുള്ള ട്വീറ്റിന്റെ പേരില്‍. മോദി ഭരണത്തെ ട്രോളിയതിന്‌  സാമുദായിക സ്‌പർധ വളർത്തിയെന്ന കുറ്റമാണ് ആരോപിക്കുന്നത്. സംവിധായകൻ ഹൃഷികേശ് മുഖർജിയുടെ സൂപ്പർഹിറ്റ്‌ ചിത്രം ‘കിസ്സി സേ നാ കെഹ്‌ന’(1983)യിലെ രംഗമാണ്‌ 2018ൽ  സുബൈർ ട്വീറ്റുചെയ്‌തത്‌. ചിത്രത്തിൽ ‘ഹണിമൂൺ ഹോട്ടലി’ന്റെ പേര്‌ ‘ഹനുമാൻ ഹോട്ടല്‍’ എന്ന് മാറ്റിയതായി കാണിക്കുന്നുണ്ട്. ഹോട്ടലിന്റെ പേര് മാറ്റിയത് മോദി അധികാരത്തിലെത്തിയ 2014നു മുമ്പും ശേഷവുമുള്ള അവസ്ഥയെ സൂചിപ്പിക്കുന്നു എന്നാണ് സുബൈര്‍ ട്വീറ്റില്‍ ഹാസ്യരൂപേണ ചിത്രീകരിച്ചത്. ന്യൂനപക്ഷ വിഭാ​ഗക്കാരനായ സുബൈര്‍ ട്വീറ്റിലൂടെ കലാപത്തിന്‌ ആഹ്വാനം നൽകുകയായിരുന്നുവെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ്‌ ആരോപിക്കുന്നത്. നിരവധിപേർ പങ്കുവച്ച ട്വീറ്റിന്റെ പേരിൽ സുബൈറിനെ മാത്രം ലക്ഷ്യമിട്ടത്‌ ബിജെപിയുടെ വേട്ടയാടൽ വെളിപ്പെടുത്തുന്നു. പ്രവാചകനിന്ദ നടത്തിയ നൂപുർ ശർമയടക്കമുള്ള ബിജെപി നേതാക്കള്‍ ഇപ്പോഴും  പൊലീസിന്റെ സംരക്ഷണയിൽ കഴിയുമ്പോഴാണ്‌ ഇത്‌.   Read on deshabhimani.com

Related News