ഉന്നതവിദ്യാഭ്യാസം : മുസ്ലിം 
വിദ്യാര്‍ഥികളില്‍ 8 ശതമാനം ഇടിവ് ; കേന്ദ്രവിദ്യാഭ്യാസമന്ത്രാലയ സര്‍വേ റിപ്പോര്‍ട്ട്



ന്യൂഡല്‍ഹി രാജ്യത്താകെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ എട്ടുശതമാനം കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ സര്‍വേ. മുസ്ലിങ്ങള്‍ ഉന്നതവിദ്യാഭ്യാസരം​ഗത്ത് പിന്നാക്കംപോകാത്ത രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും വിദ്യാഭ്യാസമന്ത്രാലയം നടത്തിയ 2021-–-22ലെ അഖിലേന്ത്യ ഉന്നതവിദ്യാഭ്യാസ സര്‍വേ (എഐഎസ്എച്ച്ഇ) വെളിപ്പെടുത്തി. കേരളത്തില്‍ 43 ശതമാനം മുസ്ലിങ്ങളും ഉന്നത വിദ്യാഭ്യാസം നേടുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ജനസംഖ്യയുടെ 20 ശതമാനം മുസ്ലിങ്ങളുള്ള ഉത്തർപ്രദേശില്‍ കോളേജിലെത്തുന്ന മുസ്ലിം വിദ്യാര്‍ഥികളില്‍ 36 ശതമാനം ഇടിവുണ്ടായി. യുപിയില്‍ കോളേജുകളുടെ എണ്ണമേറിയെങ്കിലും എത്തിയത് 4.5 ശതമാനം മുസ്ലിംവിദ്യാര്‍ഥികള്‍മാത്രം. ജമ്മു കശ്മീരില്‍ 26 ശതമാനവും മഹാരാഷ്ട്രയില്‍ 8.5 ശതമാനവും തമഴ്നാട്ടില്‍ 8.1 ശതമാനവും ഇടിവുണ്ടായി. ഡല്‍ഹിയില്‍ അഞ്ചില്‍ ഒരു മുസ്ലിം വിദ്യാർഥിക്കുവീതം കോളേജ് അന്യമാകുന്നു. ബിരുദ, ബിരുദാനന്തര പഠനരം​ഗത്ത് മുസ്ലിങ്ങളുടെ പ്രാതിനിധ്യമില്ലായ്മ തീവ്രമായിരിക്കെയാണ് കർണാടകത്തിലെ മുൻ ബിജെപി സർക്കാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മുസ്ലിങ്ങൾക്കുള്ള നാലുശതമാനം സംവരണം എടുത്തുകളഞ്ഞത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം അധ്യാപകര്‍ 5.6 ശതമാനം മാത്രമാണെന്നും സര്‍വേ ചൂണ്ടിക്കാട്ടി. മുസ്ലിം അടക്കമുള്ള ന്യൂനപക്ഷ വിഭാ​ഗങ്ങളില്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ് കൂടുതലായി ഉന്നതവിദ്യാഭ്യാസം നേടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. Read on deshabhimani.com

Related News