അഖിലേന്ത്യ കിസാൻ സഭ സമ്മേളനം: ആദ്യ ദീപശിഖ റാലി തെലങ്കാനയിൽ നിന്ന്‌ പ്രയാണം തുടങ്ങി



ന്യുഡൽഹി> 35-മത്‌ അഖിലേന്ത്യ കിസാൻ സഭ അഖിലേന്ത്യ സമ്മേളനത്തിനുള്ള ദീപശിഖ റാലികളിൽ ആദ്യത്തേത്‌ സായുധ കർഷക പോരാട്ടങ്ങളുടെ തീച്ചൂളയായ തെലങ്കാനയിൽ നിന്ന്‌ പ്രയാണം തുടങ്ങി. തെലങ്കാന സായുധ പോരാട്ടത്തിലെ ആദ്യ രക്തസാക്ഷി ദൊഡ്ഡി കൊമരയ്യയുടെ ജന്മഗ്രാമമായ കടവെണ്ടിയിൽ കിസാൻ സഭ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സാരംപള്ളി മല്ലറെഡ്ഡി ജാഥ ക്യാപ്‌ടൻ പി കൃഷ്‌ണ‌പ്രസാദിന്‌ ദീപശിഖ കൈമാറി. ദൊഡ്ഡി കൊമരയ്യയുടെ സഹോദരപുത്രൻ ഭിക്ഷപതിയും ചടങ്ങിൽ എത്തിയിരുന്നു. തെലങ്കാന കർഷക സംഘം സംസ്ഥാന സെക്രട്ടറി ടി സാഗർ, കേരള ജോയിന്റ്‌ സെക്രട്ടറി എം പ്രകാശൻ തുടങ്ങിയവർ ജാഥാംഗങ്ങളാണ്‌. തെലങ്കാന, ആന്ധ്രപ്രദേശ്‌, കർണാടക സംസ്ഥാനങ്ങളിലെ പ്രയാണത്തിനുശേഷം തമിഴ്‌നാട്ടിലെ സേലത്ത്‌ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി വിജൂകൃഷ്ണന്റെ നേതൃത്വത്തിലുള്ള മറ്റൊരു ദീപശിഖറാലിയുമായി ഒമ്പതിന്‌ സംഗമിക്കും. ഈ ജാഥ ചൊവ്വാഴ്‌ചയാണ്‌ തമിഴ്‌നാട്ടിലെ കീഴ്‌വെന്മണി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ പുറപ്പെടുക. മുൻ അഖിലേന്ത്യ പ്രസിഡന്റ്‌ എൻ ശങ്കരയ്യ ഉദ്‌ഘാടനം ചെയ്യും. സേലം രക്തസാക്ഷികൾക്ക്‌ ആദരമർപ്പിച്ച ശേഷം രണ്ടുജാഥകളും ഒരുമിച്ച്‌ കേരളത്തിൽ പ്രവേശിക്കും.   Read on deshabhimani.com

Related News