എയർഇന്ത്യ വിൽപ്പന; പുതിയ ഉടമസ്ഥന്‍ മൂന്നാഴ്‌ചയ്‌ക്കകം



ന്യൂഡൽഹി > എയർഇന്ത്യ ഓഹരിവിൽപ്പന അവസാനഘട്ടത്തിലേക്ക്‌ നീങ്ങി. ദേശീയ എയർലൈൻസിന്റെ മുഴുവന്‍ ഓഹരിയും സ്വന്തമാക്കാന്‍ ടാറ്റാസൺസും സ്‌പൈസ്‌ജെറ്റ്‌ പ്രൊമോട്ടർ അജയ്‌സിങ്ങുമാണ്‌ അന്തിമബിഡ്‌ സമർപ്പിച്ചത്‌. ഉടമസ്ഥതയുടെ കാര്യം മൂന്നാഴ്‌ചയ്‌ക്കുള്ളിൽ തീരുമാനമാകും. ഡിസംബറോടെ നടപടി പൂർത്തിയാന്‍ നീക്കമുണ്ട്‌. ബാധ്യതകൾ ഏറ്റെടുത്തശേഷമാണ്‌ കേന്ദ്രം സമ്പൂർണ ഓഹരിയും വിറ്റഴിക്കുന്നത്‌. 2018ൽ 29,000 കോടിയുടെ കടം–- ‘എയർഇന്ത്യ അസെറ്റ്‌സ്‌ ഹോൾഡിങ്‌ ലിമിറ്റഡ്‌’ എന്ന പ്രത്യേക ഉദ്ദേശ്യ കമ്പനിക്ക്‌ (എസ്‌പിവി) കൈമാറി. ബാധ്യതകളുടെ  സിംഹഭാഗവും ഏറ്റെടുത്തശേഷം ഓഹരി വിൽക്കുന്നത്‌ എന്തിനെന്ന ചോദ്യം പ്രസക്തമാണ്‌. വിൽപ്പന അവസാനഘട്ടത്തിൽ എത്തിയതോടെ പതിനാറായിരത്തിൽ അധികം ജീവനക്കാരും കുടുംബങ്ങളും ആശങ്കയിലാണ്‌. മുംബൈ എയർ ഇന്ത്യാ കോളനികളിലെ ജീവനക്കാർക്ക്‌ ആറ്‌ മാസത്തിനകം സ്റ്റാഫ്‌ ക്വാർട്ടേഴ്‌സുകൾ ഒഴിയണമെന്ന നിർദേശം ലഭിച്ചു. കലിനാ വിമാനത്താവളത്തിനടുത്തെ ക്വാർട്ടേഴ്‌സിൽ ഏഴായിരത്തോളം പേർ ഉടൻ ഒഴിയണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്‌. ജീവനക്കാരുടെ പിഎഫ്‌, ഗ്രാറ്റുവിറ്റി, ആരോഗ്യപദ്ധതി തുടങ്ങിയവയുടെ ഭാവിയെക്കുറിച്ചും ആശങ്കയുണ്ട്‌. ജീവനക്കാരുടെ താൽപ്പര്യം സംരക്ഷിക്കാനുള്ള നടപടി ഉണ്ടാകുമെന്ന്‌ സർക്കാർ വാഗ്‌ദാനമുണ്ടെങ്കിലും തീരുമാനങ്ങൾ കണ്ടറിയണം. Read on deshabhimani.com

Related News