എയിംസ്‌ പ്രവേശനം; സീറ്റു കച്ചവടനീക്കം അന്വേഷിക്കണം: കെ കെ രാഗേഷ് എം.പി



ന്യൂഡൽഹി > എയിംസിൽ ഒഴിവുള്ള എംബിബിഎസ്‌ സീറ്റുകളിലേക്കുള്ള‌ മൂന്നാംവട്ട പ്രവേശനത്തിൽ‌ മെറിറ്റ്‌ അട്ടിമറിച്ച്‌ സീറ്റ്‌ കച്ചവടത്തിനുള്ള ശ്രമമാണെന്ന പരാതി അന്വേഷണിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ കെ രാഗേഷ് എംപി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌ വർധന്‌ കത്തുനൽകി. എയിംസിന്റെ വെബ്‌സൈറ്റിൽ ജനുവരി 13ന്‌ പ്രസിദ്ധീകരിക്കുന്ന കട്ട്‌ ഓഫ്‌ ലിസ്റ്റിൽ പേരുള്ളവർ 14ന്‌ ഡൽഹി എയിംസിൽ നേരിട്ട്‌ ഹാജരായി അലോട്ട്‌മെന്റ്‌ പൂർത്തിയാക്കണമെന്നാണ്‌ നിർദ്ദേശം. ഇത്‌ വിദൂര സംസ്ഥാനങ്ങളിൽനിന്നുള്ള അർഹരായ വിദ്യാർഥികൾക്ക്‌ പ്രവേശനം അസാധ്യമാക്കുമെന്ന പ്രസക്തമായ പരാതി ഉയർന്നുകഴിഞ്ഞു. അർഹരായവർ എത്തിച്ചേർന്നില്ലെന്ന്‌ വിശദീകരിച്ച്‌ സീറ്റ്‌ കച്ചവടത്തിനുള്ള നീക്കമാണിതെന്നാണ്‌‌ രക്ഷിതാക്കളുടെ സംശയം. ഈ നോട്ടീസ്‌ പിൻവലിച്ച്‌ അർഹരായ വിദ്യാർഥികൾക്ക്‌ ഡൽഹിയിൽ എത്തിച്ചേരാനുള്ള സമയം അനുവദിക്കണം. തുടർന്നും എയിംസിൽ മെറിറ്റ്‌ അട്ടിമറിച്ച്‌ പ്രവേശനം നടത്താനുള്ള സാധ്യതകൾ ഒഴിവാക്കാൻ സുതാര്യമായ നടപടിക്രമങ്ങൾ കൊണ്ടുവരണം. ഇത്തരം ഒരു നോട്ടീസ്‌ ഇറക്കാനുണ്ടായ സാഹചര്യം അന്വേഷിക്കാൻ ഉത്തരവിടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News