ഭരണപക്ഷം 
സഭ സ്‌തംഭിപ്പിച്ചു ; അധീർ രഞ്‌ജൻ ചൗധരി മാപ്പ്‌ പറഞ്ഞു



ന്യൂഡൽഹി    ഭരണപക്ഷ അംഗങ്ങൾ  ബഹളത്തിനു മുതിർന്നതിനെ തുടർന്ന്‌ പാർലമെന്റിന്റെ ഇരുസഭയും വെള്ളിയാഴ്‌ച സ്‌തംഭിച്ചു. ലോക്‌സഭയിലെ കോൺഗ്രസ്‌ കക്ഷിനേതാവ്‌ അധീർ രഞ്‌ജൻ ചൗധരി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്‌ട്രപത്‌നി’യെന്ന്‌ വിശേഷിപ്പിച്ചതാണ്‌ ബിജെപിക്കാർ രാഷ്‌ട്രീയ ആയുധമാക്കിയത്‌. ഈ വിഷയത്തിൽ രണ്ട്‌ ദിവസം സഭ സ്‌തംഭിച്ചതിനെ തുടർന്ന്‌ ചൗധരി രാഷ്‌ട്രപതിയോട്‌ മാപ്പ്‌ പറഞ്ഞു. തെറ്റായ വാക്കാണ്‌ പ്രയോഗിച്ചതെന്നും നാക്കുപിഴ സംഭവിച്ചതാണെന്നും വെള്ളിയാഴ്‌ച വൈകിട്ട്‌ അയച്ച കത്തിൽ ചൗധരി രാഷ്‌ട്രപതിയോട്‌ പറഞ്ഞു. രാജ്യസഭയിൽ എംപിമാരെ പുറത്താക്കിയ നടപടിയും ജിഎസ്‌ടി നിരക്ക്‌ വർധനയും അടിയന്തരമായി  ചർച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം നോട്ടീസ്‌ നൽകി. സഭ ചേർന്നപ്പോൾമുതൽ ബിജെപി അംഗങ്ങൾ സോണിയ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി. പകൽ 12നു ചേർന്നപ്പോഴും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. സഭ തിങ്കളാഴ്‌ച ചേരാനായി പിരിഞ്ഞു. ഉച്ചയ്‌ക്കുശേഷം സ്വകാര്യബില്ലുകൾ അവതരിപ്പിക്കേണ്ടിയിരുന്നത്‌ ജോൺ ബ്രിട്ടാസ്‌(സിപിഐ എം)അടക്കം മൂന്ന്‌ പ്രതിപക്ഷ അംഗങ്ങളാണ്‌. സസ്‌പെൻഷനിലായ 20 എംപിമാർ പാർലമെന്റ്‌ വളപ്പിൽ നടത്തിവന്ന 50 മണിക്കൂർ സത്യഗ്രഹം വെള്ളിയാഴ്‌ച സമാപിച്ചു. രാജ്യത്തെ വിലക്കയറ്റത്തെ കുറിച്ച് ലോക്‌സഭയില്‍ തിങ്കളാഴ്ച ചര്‍ച്ചയ്ക്ക് കേന്ദ്രം സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ചയായി പ്രതിപക്ഷം സഭയില്‍ ഇക്കാര്യം ആവശ്യപ്പെടുകയാണ്. Read on deshabhimani.com

Related News