മോദി അദാനി കൂട്ടുകെട്ട്‌ ; പാർലമെന്റിൽ ആഞ്ഞടിച്ച്‌ 
പ്രതിപക്ഷം



ന്യൂഡൽഹി അദാനിയുടെ തട്ടിപ്പില്‍ ചർച്ച അനുവദിക്കാത്തതിലെ പ്രതിഷേധത്തിനിടെ  രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുക്കാനുള്ള പ്രതിപക്ഷ പാർടികളുടെ തീരുമാനം കേന്ദ്രസർക്കാരിന്‌ തിരിച്ചടിയായി. ഇരു സഭയിലും അദാനി വിഷയം പ്രതിപക്ഷം സജീവമായി നിലനിർത്തി. ജെപിസി അന്വേഷണത്തിൽനിന്ന്‌ സർക്കാർ ഒളിച്ചോടുകയാണെന്നും ചർച്ചപോലും ഭയക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എഎപി ഒഴികെ മറ്റ്‌ പ്രതിപക്ഷ പാർടികളെല്ലാം ചർച്ചയിൽ പങ്കാളികളായി. കള്ളപ്പണം സംരക്ഷിക്കാൻ ദേശീയതയെ മറയാക്കുകയാണെന്നും  അദാനിയുടെ തട്ടിപ്പുകളെക്കുറിച്ച്‌ അന്വേഷണം അനിവാര്യമാണെന്നും രാജ്യസഭയില്‍ ചർച്ചയിൽ ജോൺ ബ്രിട്ടാസ്‌ പറഞ്ഞു. രാജ്യസഭയിൽ ദിഗ്‌വിജയ്‌ സിങ്‌, ഡെറിക്‌ ഒബ്രിയൻ, തിരുച്ചി ശിവ, ജോൺ ബ്രിട്ടാസ്‌ തുടങ്ങിയവർ സർക്കാരിനെ കടന്നാക്രമിച്ചു. മോദിക്കൊപ്പം വളർന്നയാളാണ്‌ അദാനിയെന്ന്‌ ലോക്‌സഭയിൽ രാഹുൽ ഗാന്ധി പറഞ്ഞു. ആറ്‌ വിമാനത്താവളം ചട്ടങ്ങൾ ലംഘിച്ച്‌ കൈമാറി. പ്രതിരോധ കരാറുകളെല്ലാം കൂട്ടമായി കൈമാറി. എല്ലാ വിദേശപര്യടനങ്ങളിലും മോദിക്കൊപ്പം അദാനിയുണ്ട്‌. ബിജെപിക്ക്‌ അദാനിയിൽനിന്ന്‌ എത്ര രൂപ കിട്ടിയിട്ടുണ്ടെന്നും രാഹുൽ ചോദിച്ചു. അദാനിയും മോദിയും ഒന്നിച്ചുള്ള വിമാനയാത്രയുടെ ചിത്രവും രാഹുൽ പ്രദർശിപ്പിച്ചു. ബിജെപി അംഗങ്ങൾ പ്രതിഷേധിച്ചു. ലോക്‌സഭയിൽ മൊഹുവാ മൊയ്‌ത്ര, കനിമൊഴി, കല്യാൺ ബാനർജി തുടങ്ങിയവരും അദാനി–- മോദി അവിശുദ്ധ കൂട്ടുകെട്ട്‌ തുറന്നുകാട്ടി.   Read on deshabhimani.com

Related News