അദാനിയുടെ ബാങ്ക് വായ്പ 81,000 കോടി



ന്യൂഡൽഹി> ഗൗതം അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികൾക്കായി രാജ്യത്തെ ബാങ്കുകൾ വായ്‌പ നൽകിയിട്ടുള്ളത്‌ 81,234.7 കോടി രൂപ. ഇതിൽ 60,000 കോടിയോളം രൂപ എസ്‌ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകളുടെ വായ്‌പയാണ്‌. സ്വകാര്യ ബാങ്കുകൾ 21,000 കോടി രൂപയാണ്‌ വായ്‌പയായി കൈമാറിയിട്ടുള്ളത്‌. ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ പുറത്തുവന്നതിനുശേഷം നാലു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ച അദാനി ഗ്രൂപ്പ്‌ വലിയ തകർച്ചയിലേക്ക്‌ നീങ്ങിയാൽ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ഇനിയും പലമടങ്ങ്‌ പെരുകും. എന്നാൽ, ആർബിഐയുടെ അനുവദനീയ പരിധിക്കുള്ളിൽനിന്നുകൊണ്ടാണ്‌ വായ്‌പ അനുവദിച്ചിരിക്കുന്നതെന്നും അതുകൊണ്ട്‌ ആശങ്കയില്ലെന്നുമാണ്‌ എസ്‌ബിഐയുടെ പ്രതികരണം. ആകെ 2.1 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ്‌ അദാനി ഗ്രൂപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങൾക്കായുള്ളത്‌. ബാങ്കുകളിൽനിന്നുള്ള വായ്‌പതന്നെ ഇതിൽ മുഖ്യം. ആഭ്യന്തര–- വിദേശ ബോണ്ടുകൾ വഴിയുള്ള കടമെടുപ്പാണ്‌ രണ്ടാമത്‌–- 78,761.8 കോടി രൂപ. ധനസ്ഥാപനങ്ങളിൽനിന്നുള്ള വായ്‌പ 24,345.6 കോടി രൂപയാണ്‌. അദാനി ഗ്രൂപ്പുകൾ തമ്മിൽ തമ്മിലുള്ള കടമിടപാട്‌ 17,695 കോടി രൂപയുടേതാണ്‌. മറ്റു കടം 8993.1 കോടി. വിപണിയിലെ കഴിഞ്ഞ രണ്ടുദിവസത്തെ തകർച്ചയോടെ അദാനി ഗ്രൂപ്പിന്റെ സ്വത്തുമൂല്യം ഏഴു ലക്ഷം കോടിയിലേക്ക്‌ ചുരുങ്ങി. വരുംദിവസങ്ങളിലും തകർച്ച തുടർന്നാൽ വലിയ പ്രതിസന്ധിയിലേക്ക്‌ സ്ഥാപനം എത്തിച്ചേരും. രാജ്യത്തെ പശ്ചാത്തലസൗകര്യ വികസനത്തിനും ഇത്‌ വലിയ തിരിച്ചടിയാകും. മോദി അധികാരത്തിൽ വന്നതുമുതൽ വിമാനത്താവളം, തുറമുഖം, റോഡുനിർമാണം തുടങ്ങി പശ്ചാത്തലസൗകര്യ മേഖലയിലെ വമ്പൻ പദ്ധതികളെല്ലാം അദാനിക്കാണ്‌ നൽകുന്നത്‌. Read on deshabhimani.com

Related News