അദാനിയുടെ ഓഹരി തട്ടിപ്പ്; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം: യെച്ചൂരി



കൊൽക്കത്ത > ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരിമറി സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതസമിതി അനേഷിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അന്വേഷണ പുരോഗതി നിരന്തരം സുപ്രീംകോടതി നിരീക്ഷിക്കണം. കോടിക്കണക്കിന് ജനങ്ങളെ സാരമായി ബാധിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍  ഗുരുതര ഭവിഷ്യത്തുണ്ടാക്കുകയും ചെയ്യുന്നതാണ്‌ അദാനി ഗ്രൂപ്പിന്റെ തിരിമറി. ഓഹരി തട്ടിപ്പിനെക്കുറിച്ച് സെബിയും കേന്ദ്രസർക്കാരും മൗനം പാലിക്കുന്നത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങളുടെ ജീവിതനിക്ഷേപമുള്ള എൽഐസി, സ്‌റ്റേറ്റ്‌  ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളാണ്  വലിയ തോതിൽ അദാനി ഗ്രൂപ്പിൽ ഓഹരി നിക്ഷേപിച്ചത്‌. ഓഹരി വില കൃത്രിമമായി പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണ്‌ അദാനി ഗ്രൂപ്പ്. കേന്ദ്ര ഗവൺമെന്റിന്റെ പൂർണ അറിവോടും സമ്മതത്തോടുംകൂടിയാണ് ഇത് നടക്കുന്നത്‌. എൽഐസിക്ക് 73000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വിവിധ അദാനി ഗ്രൂപ്പിലുള്ളത്. അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യം നാലുലക്ഷം കോടിയിലധികം ഇടിഞ്ഞതുമൂലം എൽഐസിക്ക്‌ നഷ്‌ടമായത് 16000ത്തിലധികം കോടി രൂപയാണ്.  എൽഐസിയിൽ  നിക്ഷേപം നടത്തിയ കോടിക്കണക്കിന് സാധാരണക്കാരുടെ പണമാണിത്‌. ഇത്തരം നിക്ഷേപങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഭാവി സുരക്ഷിതമാക്കണം. എസ്ബിഐക്കും മറ്റ്‌ ബാങ്കുകൾക്കും  വൻ തോതിൽ അദാനി ഗ്രൂപ്പിൽ ഓഹരി വിഹിതം ഉണ്ട്‌.  ഇതും സാധാരണക്കാരുടെ നിക്ഷേപത്തിന്റെ ഭാഗമാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിലൂടെ കബളിപ്പിക്കൽ പുറത്തുവന്നതിനെ തുടർന്ന്‌ പരിഭ്രാന്തിയിലായ കേന്ദ്ര സർക്കാരും ബിജെപിയും  അദാനി ഗ്രൂപ്പിനെ രക്ഷപ്പെടുത്താനുള്ള തന്ത്രം മെനയുകയാണ്‌. അ​ദാനി ​ഗ്രൂപ്പ് തകർന്നാൽ രാജ്യത്തെ പ്രധാനപ്പെട്ട നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ തകരും. അവയെ രക്ഷിക്കാനുള്ള അടിയന്തര നടപടി കൈക്കൊള്ളണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. Read on deshabhimani.com

Related News