വായ്‌പാ കണക്ക്‌ തേടി റിസർവ്‌ ബാങ്ക്‌, 
അനങ്ങാതെ സെബി



ന്യൂഡൽഹി അദാനി ഗ്രൂപ്പ്‌ കമ്പനികൾക്ക്‌ നൽകിയ വായ്‌പയുടെ വിവരങ്ങൾ ബാങ്കുകളോട്‌ തേടി  റിസർവ്‌ ബാങ്ക്‌. അദാനി ഗ്രൂപ്പ്‌ കടപ്പത്രങ്ങൾക്കുമേൽ വായ്‌പ നൽകില്ലെന്ന്‌ അമേരിക്ക ആസ്ഥാനമായ സിറ്റി ബാങ്കും സ്വിസ്‌ ബാങ്കിങ്‌ ഗ്രൂപ്പായ ക്രെഡിറ്റ്‌  സ്യൂസെയും അറിയിച്ചു. അദാനി കടപ്പത്രങ്ങൾക്ക്‌ മൂല്യം പൂർണമായും നഷ്ടപ്പെട്ടതായി സിറ്റി ബാങ്ക്‌ പ്രഖ്യാപിച്ചു.  എന്നാല്‍,  ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ്‌ നടത്തിയ തട്ടിപ്പില്‍ അന്വേഷണം പ്രഖ്യാപിക്കാൻ സെബി ഇനിയും തയ്യാറായിട്ടില്ല. എസ്‌ബിഐ 21,500 കോടി രൂപയാണ്‌ അദാനി ഗ്രൂപ്പിന്‌  വായ്‌പ നൽകിയതെന്ന്‌ ബ്ലൂംബെർഗ്‌ റിപ്പോർട്ട്‌ ചെയ്‌തു.  പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ 7000 കോടി രൂപയും ബാങ്ക്‌ ഓഫ്‌ ബറോഡ 4000 കോടിയും നൽകിയിട്ടുണ്ട്‌. മറ്റ്‌  ബാങ്കുകളുടെ വായ്പാവിവരം ലഭ്യമായിട്ടില്ല. അദാനി എന്റർപ്രൈസസ്‌, അദാനി പോർട്‌സ്‌, അദാനി പവർ, അദാനി ഗ്രീൻ, അദാനി ട്രാൻസ്‌മിഷൻ എന്നിവയുടെ മൊത്തം കടബാധ്യത 2.1 ലക്ഷം കോടി രൂപയാണെന്ന്‌ നിക്ഷേപസ്ഥാപനമായ സിഎൽഎസ്‌എ വെളിപ്പെടുത്തി. അദാനിയുടെ മൊത്തം ബാധ്യതയിൽ 40 ശതമാനമാണ്‌ ഇന്ത്യൻ ബാങ്കുകളിലുള്ളത്‌. സ്വകാര്യ ബാങ്കുകളിലുള്ള ബാധ്യത 10 ശതമാനത്തിൽ താഴെയാണ്‌. Read on deshabhimani.com

Related News