ഡൽഹി പൊലീസ് നടപടി: എ എ റഹിം രാജ്യസഭാ ചെയർമാന്‌ പരാതി നൽകി



ന്യൂഡൽഹി> അഗ്നിപഥ്‌ പദ്ധതിക്കെതിരായ സമാധാനപൂർണമായ പാർലമെന്റ്‌ മാർച്ചിനിടെ നിഷ്‌ഠുരമായി മർദിക്കുകയും 11 മണിക്കൂറോളം അന്യായമായി തടവിലാക്കുകയുംചെയ്‌ത ഡൽഹി പൊലീസിന്റെ നടപടിക്കെതിരെ എ എ റഹിം എംപി രാജ്യസഭാചെയർമാൻ എം വെങ്കയ്യനായിഡുവിന്‌ പരാതി നൽകി. പാർലമെന്റ്‌ അംഗമാണെന്ന്‌ അറിയിച്ചിട്ടും പൊലീസുകാർ കൈയേറ്റം ചെയ്‌തു. വസ്‌ത്രങ്ങൾ വലിച്ചുകീറി. ബസിലേക്ക്‌ റോഡിലൂടെ വലിച്ചിഴച്ചു. യൂണിഫോം ധരിക്കാത്തയാളാണ്‌ നിലത്തിട്ട്‌ ചവിട്ടുകയും വലിച്ചിഴയ്‌ക്കുകയും ചെയ്‌തത്‌. ‘റാണാ’ എന്ന്‌ പേരുള്ള വിരമിച്ച പൊലീസുകാരനാണ്‌ ഇയാളെന്ന്‌ പിന്നീട്‌ വ്യക്തമായി. ഒപ്പം പ്രതിഷേധിച്ചവരെയും പൊലീസ്‌ ക്രൂരമായി മർദിച്ചു. പകൽ 12ന്‌ കസ്‌റ്റഡിയിലെടുത്ത തന്നെ രാത്രി 10 കഴിഞ്ഞാണ്‌ വിട്ടയച്ചത്‌. എന്ത്‌ കുറ്റമാണ്‌ ചുമത്തിയതെന്ന് പലവട്ടം അന്വേഷിച്ചിട്ടും ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല. പാർലമെന്റംഗം എന്ന നിലയിലുള്ള തന്റെ പ്രത്യേകഅവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പെരുമാറ്റമാണുണ്ടായത്‌. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റഹിം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News