കെജ്‌രിവാൾ സർക്കാർ മലിനീകരണം തടയാൻ ചെലവാക്കിയത്‌ 68 ലക്ഷം, പരസ്യത്തിന്‌ 23 കോടി



ന്യൂഡൽഹി > വയ്‌ക്കോൽ കത്തിച്ചുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാൻ വയലുകളിൽ കളനാശിനി തളിക്കാൻ രണ്ടുവർഷത്തിനുള്ളിൽ ഡൽഹിയിലെ ആംആദ്‌മി സർക്കാർ ചെലവിട്ടത്‌ 68 ലക്ഷം രൂപ. ഇതേപ്പറ്റി പരസ്യം നൽകാൻ ചെലവാക്കിയതോ, 23 കോടി രൂപയും. 2020ലാണ്‌ അന്തരീക്ഷ മലിനീകരണം തടയാൻ വൻ പദ്ധതിയെന്ന രീതിയിൽ ആഘോഷമായി ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്‌റ്റിറ്റ്യൂട്ട്‌ വികസിപ്പിച്ച മരുന്ന്‌ അരവിന്ദ്‌ കെജ്‌രിവാൾ സർക്കാർ വാങ്ങിയത്‌. തുടക്കമെന്നനിലയില്‍  39 ഗ്രാമത്തിലായി 1900 ഏക്കർ കൃഷിയിടത്തിൽ ഉപയോഗിച്ചു. 2021 ഒക്ടോബറിൽ 59 ഗ്രാമത്തിലെ 4000 ഏക്കർ കൃഷിയിടത്തിൽ മരുന്ന്‌ തളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. കത്തിക്കുന്നതിന്‌ പകരം വയ്‌ക്കോൽ വളമാക്കി മാറ്റുന്ന മരുന്ന്‌ 955 കർഷകർക്ക്‌ ഗുണംചെയ്തെന്നും എഎപി സർക്കാർ അവകാശപ്പെട്ടു. മരുന്ന്‌ തളിക്കാനായി മാത്രം രണ്ടുവർഷത്തിനിടെ 68 ലക്ഷം രൂപ ചെലവായി. 2021–- 22ൽമാത്രം സർക്കാർ എല്ലാ പരസ്യങ്ങൾക്കുമായി ചെലവിട്ടത്‌ 490 കോടി രൂപയാണെന്നും വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 2019–- 20ൽ 293ഉം 2020–- 21ൽ 242.38ഉം കോടി രൂപ പരസ്യത്തിനായി ചെലവിട്ടു. Read on deshabhimani.com

Related News