രാജ്യത്ത് ഇനി 5 ജി യുഗം; ആദ്യഘട്ടത്തിൽ 13 നഗരങ്ങളിൽ



ന്യൂഡൽഹി> ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യത്ത്‌  5ജി സേവനമെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഡൽഹിയിൽ ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രധാനമന്ത്രി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ 13 നഗരത്തിലാണ് സേവനം ലഭിക്കുക. കേരളത്തിലെ നഗരങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല.  മൂന്ന്‌ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5ജി എത്തിക്കുമെന്നാണ്‌ ഐടി മന്ത്രാലയം അവകാശപ്പെടുന്നത്‌. എയർടെല്ലും റിലയൻസ് ജിയോയും ഈ വർഷംതന്നെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.  4ജിയേക്കാൾ 10 മടങ്ങ് വേഗമുണ്ടാകും എന്നാണ് വിലയിരുത്തൽ. അതിവേഗ ഇന്റർനെറ്റ്, ലേറ്റൻസി കുറയും, കൂടുതൽ ഡിവൈസുകൾ ഒരു ടവറിനു കീഴിൽ തുടങ്ങി നിരവധി പ്രതേകതകളാണ് 5 ജി നൽകുന്നത്. സേവന-വാണിജ്യ-ശാസ്ത്ര സാങ്കേതിക രംഗത്തു മാത്രമല്ല, ടെലിമെഡിസിൻ അടക്കം ചികിത്സാരംഗത്തും 5 ജി ഏറെ നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്. Read on deshabhimani.com

Related News