ഏഴ് ഘട്ടമായി നിയമസഭ തെരഞ്ഞടുപ്പ്: ഒന്നാം ഘട്ടം ഫെബ്രുവരി 10ന്



ന്യൂഡൽഹി > ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗോവ, മണിപ്പുർ നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതികൾ കേന്ദ്ര തെരഞ്ഞെടുപ്പുകമീഷൻ പ്രഖ്യാപിച്ചു. കർഷക പ്രക്ഷോഭവും കോവിഡ്‌ വ്യാപനവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പ്‌ കേന്ദ്രഭരണം കൈയാളുന്ന ബിജെപിക്ക്‌ നിർണായകമാണ്‌. നിലവിൽ പഞ്ചാബിൽ ഒഴികെ നാലിടത്തും ബിജെപി സർക്കാരാണ്‌. പഞ്ചാബിൽ കോൺഗ്രസ്‌ ഭരണവും. ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച്‌ മൂന്ന്‌, ഏഴ്‌ തീയതികളിലായി ഏഴു ഘട്ടമായാണ്‌ വോട്ടെടുപ്പ്‌. പഞ്ചാബ്‌, ഗോവ, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി ഫെബ്രുവരി 14ന്‌. മണിപ്പുരിൽ ഫെബ്രുവരി 27നും മാർച്ച്‌ മൂന്നിനുമായി രണ്ട്‌ ഘട്ടം. മാർച്ച്‌ പത്തിനാണ്‌ വോട്ടെണ്ണൽ. അഞ്ച്‌ സംസ്ഥാനത്തായി മൊത്തം 690 നിയമസഭാ മണ്ഡലത്തിലാണ്‌ വോട്ടെടുപ്പ്‌. ഉത്തർപ്രദേശ്‌–-403, പഞ്ചാബ്‌–-117, ഉത്തരാഖണ്ഡ്‌–-70, മണിപ്പുർ–60, ഗോവ–40 എന്നിങ്ങനെയാണ്‌ മണ്ഡലത്തിന്റെ എണ്ണം. 133 പട്ടികജാതി സംവരണ മണ്ഡലവും 23 പട്ടികവർഗ സംവരണ മണ്ഡലവുമുണ്ട്‌. ആകെ വോട്ടർമാർ 18.34 കോടിയാണ്‌.  ഉത്തർപ്രദേശിൽ മാത്രം 15.05 കോടി വോട്ടർമാരുണ്ട്‌. പഞ്ചാബിൽ 2.13 കോടി, ഉത്തരാഖണ്ഡിൽ 82 ലക്ഷം, മണിപ്പുരിൽ 20.56 ലക്ഷം, ഗോവയിൽ 11.56 ലക്ഷം എന്നിങ്ങനെയാണ്‌ വോട്ടർമാരുടെ എണ്ണം. കോവിഡ്‌ സാഹചര്യത്തിൽ ഓരോ ബൂത്തിലെയും പരമാവധി  വോട്ടർമാരുടെ എണ്ണം 1250 ആയി കുറച്ചു. ഉത്തർപ്രദേശിൽ ബൂത്തിന്റെ എണ്ണം 18.49 ശതമാനം വർധിക്കും. ജനാധിപത്യഭരണ സംവിധാനത്തിൽ യഥാസമയം തെരഞ്ഞെടുപ്പ്‌ നടക്കേണ്ടത്‌ അനിവാര്യമാണെന്ന്‌, കോവിഡ്‌ വ്യാപനത്തിനിടയിലും തെരഞ്ഞെടുപ്പ്‌ നടത്തുന്നതു സംബന്ധിച്ച ചോദ്യത്തോട്‌ മുഖ്യ തെരഞ്ഞെടുപ്പുകമീഷണർ സുശീൽ ചന്ദ്ര പ്രതികരിച്ചു. സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര ആരോഗ്യ, ആഭ്യന്തര സെക്രട്ടറിമാരുമായും ചർച്ച നടത്തിയശേഷമാണ്‌ തെരഞ്ഞെടുപ്പ്‌ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാത്രി എട്ടിനും രാവിലെ എട്ടിനും ഇടയിൽ പ്രചാരണപരിപാടികൾ കമീഷൻ വിലക്കി. ജനുവരി 15 വരെ തെരഞ്ഞെടുപ്പു റാലികൾ, റോഡ് ഷോകൾ, പൊതുയോഗങ്ങൾ എന്നിവയും നിരോധിച്ചു. 80 വയസ്സിനു മുകളിൽ പ്രായമുള്ളളവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന തരത്തില്‍ പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിക്കും. കോവിഡ് ബാധിതർക്കും നിശ്ചിത പരിധിക്കു മുകളിൽ ശാരീരിക അവശതയുള്ളവർക്കും പോസ്റ്റൽ ബാലറ്റ് ഉപയോഗിക്കാം. കോവിഡ് സാഹചര്യം പരി​ഗണിച്ച് വോട്ടിങ് സമയം ഒരു മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ചു. Read on deshabhimani.com

Related News