കള്ളപ്പണം, നാനോ ജിപിഎസ് ചിപ്; നിലംപരിശായ "സര്‍ജിക്കൽ സ്ട്രൈക്'



ന്യൂഡൽഹി കൃത്യമായ പഠനമോ മുന്നറിയിപ്പോ ഇല്ലാതെ നോട്ട്‌ നിരോധിച്ചതിന്റെ ആഘാതത്തിൽനിന്ന്‌ കരകയറാനുള്ള ശ്രമങ്ങൾക്കിടെയാണ്‌ 2000 രൂപയുടെ നോട്ടും പിൻവലിക്കുന്നത്‌.  2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ നോട്ട്‌ പിൻവലിക്കൽ പ്രഖ്യാപനം നടത്തിയത്‌.നോട്ടുകൾ മാറ്റിവാങ്ങാൻ  ബാങ്കുകൾക്ക്‌ മുന്നിൽ മണിക്കൂറുകൾ വരിനിന്ന്‌ നിരവധി പേരാണ്‌ കുഴഞ്ഞുവീണ്‌ മരിച്ചത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി താൽപ്പര്യമെടുത്ത്‌ പുറത്തിറക്കിയ പുതിയ 2000 രൂപ കറൻസിയിൽ നാനോ ജിപിഎസ് ചിപ് ഘടിപ്പിച്ചിട്ടുണ്ടെന്നും കള്ളപ്പണമായി സൂക്ഷിച്ചാല്‍  പൊക്കുമെന്നുമായിരുന്നു സംഘപരിവാരങ്ങളുടെ പ്രചാരണം. ഭൂമിക്കടിയിൽ മീറ്ററുകൾ ആഴത്തിൽ കള്ളപ്പണം കുഴിച്ചിട്ടാലും ചിപ്പുള്ളതിനാൽ ഉപഗ്രഹ സംവിധാനത്തിലൂടെ പിടിച്ചെടുക്കാനാകുമെന്നും തട്ടിവിട്ടു. അതോടെ കള്ളനോട്ട്‌ ഇല്ലാതാകുമെന്നും നിലവാരമുള്ള കടലാസിൽ അച്ചടിക്കുന്നതിനാൽ വ്യാജപതിപ്പ്‌ അസാധ്യമാകുമെന്നും സംഘപരിവാർ ‘ബുദ്ധി’കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ, നിലവാരം കുറഞ്ഞ കടലാസിലാണ്‌ പുതിയ കറൻസി ഇറങ്ങിയത്‌. ചിപ്പോ മറ്റ്‌ സംവിധാനങ്ങളോ ഉണ്ടായില്ല. തിരക്കിട്ടുള്ള അച്ചടി സൃഷ്ടിച്ച നിലവാരപ്രശ്‌നങ്ങൾ വേറെയും. കറൻസിയിൽ മഷി പടരുന്നത്‌ അടക്കമുള്ള പരാതികൾ ഉയർന്നു. ഉയർന്ന മൂല്യമുള്ള നോട്ടായതിനാൽ വിപണിയിലെ ഇടപാടുകൾക്കും തടസ്സം നേരിട്ടു. ജനങ്ങൾ 2000 രൂപ കറൻസി കണ്ടാൽ മുഖംതിരിക്കുന്ന അവസ്ഥയായി. ആളുകൾക്ക്‌ താൽപ്പര്യം നഷ്ടമായതോടെ അഞ്ഞൂറ്‌, ഇരുന്നൂറ്‌ രൂപ കറൻസികൾ ആർബിഐക്ക്‌ കൂടുതലായി അച്ചടിക്കേണ്ടിയും വന്നു. നിലവാരം കുറഞ്ഞ നോട്ടായതിനാൽ കള്ളനോട്ടുകളും പെരുകി. Read on deshabhimani.com

Related News