മന്ത്രി ജലീലിനെ അപായപ്പെടുത്താൻ ശ്രമിച്ച യുവമോർച്ച നേതാവ്‌ തട്ടിപ്പുകേസിലെ പ്രതി



കൊല്ലം> തിരുവനന്തപുരത്തേക്കുള്ള യാത്രയ്‌ക്കിടെ മന്ത്രി കെ ടി ജലീലിനെ പാരിപ്പള്ളി ജങ്ഷനിൽ അപായപ്പെടുത്താൻ ശ്രമിച്ച യുവമോർച്ചാ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ജമുൻ ജഹാംഗീർ തട്ടിപ്പുകേസിലെയും പ്രതി. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് കുറുകെയിട്ട കാറിന്റെ ഉടമയും ജമുൻ ജഹാംഗീറാണ്‌. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ തലനാരിഴയ്ക്കാണ് മന്ത്രി രക്ഷപ്പെട്ടത്‌. സംഭവത്തിൽ ജമുനും ഒപ്പമുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനത്തിനും എതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത സാമ്പത്തിക തട്ടിപ്പുകേസിൽ അഞ്ചാം പ്രതിയാണ് ജമുൻ. എട്ടു പ്രതികളുള്ള കേസിൽ ആറാം പ്രതി ബിജെപി ജില്ലാ സെക്രട്ടറി ജിതിൻ ദേവാണ്. ബിസിനസ് സംരംഭത്തിൽ ഉടമ നൽകിയ കേസിലാണ് ഇരുവരും പ്രതികളായത്. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതി കഴിഞ്ഞ 11ന്‌ പരിഗണിച്ച കേസിൽ വിചാരണ ഒക്ടോബറിലേക്ക് മാറ്റി. കോൺഗ്രസിൽനിന്ന് ബിജെപിയിലെത്തിയ ജമുൻ ജഹാംഗീർ അതിവേഗമാണ് യുവമോർച്ചയുടെ നേതൃനിരയിലെത്തിയത്. ജമുന്റെ  ഉടമസ്ഥതയിലുള്ള ഭൂമിയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നൽകിയത്. ഭൂമി വിൽപ്പനയിൽ വൻ കമീഷൻ ഇടപാട് നടന്നതിനെതിരെ പാർടി നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ആനക്കൊമ്പ് വിൽപ്പനയുമായി ബന്ധപ്പെട്ട് വിഷ്ണു പട്ടത്താനവും കേസിൽ ഉൾപ്പെട്ടിരുന്നു. ജിതിൻ ദേവ്, വിഷ്ണു പട്ടത്താനം, ജമുൻ കൂട്ടുകെട്ടിന്റെ അക്രമങ്ങൾക്കെതിരെ പാർടി പ്രവർത്തകർക്കിടയിലും അമർഷമുണ്ട്. Read on deshabhimani.com

Related News