പരാതിക്കാരിയെ മോശമായി ചിത്രീകരിച്ചു; സൂരജ് പാലാക്കരന്റെ വീഡിയോകൾ ഹൈക്കോടതി പരിശോധിക്കും



കൊച്ചി> ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ മോശമായി ചിത്രീകരിച്ച വീഡിയോ ഹൈക്കോടതി പരിശോധിക്കും. പ്രതി സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യഹർജിയിൽ കോടതി വെള്ളിയാഴ്‌ച‌‌ കൂടുതൽ വാദംകേൾക്കും. ജാമ്യാപേക്ഷയെ എതിർത്ത യുവതി രണ്ട് വീഡിയോ കോടതിയിൽ ഹാജരാക്കി. ചാനൽ ഉടമയായ പ്രതി തന്നെ മോശക്കാരിയായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമിച്ചെന്നും പ്രത്യാഘാതങ്ങളെക്കുറിച്ച്‌ അറിഞ്ഞുകൊണ്ടാണ് വാർത്ത ചെയ്യുന്നതെന്ന് ഒരു വീഡിയോയിൽ പരാമർശിക്കുന്നുണ്ടെന്നും യുവതി ബോധിപ്പിച്ചു. യുട്യൂബ് ചാനലിലൂടെ അസഭ്യം പറഞ്ഞെന്ന യുവതിയുടെ പരാതിയിലാണ് സൂരജ് പാലാക്കാരനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തിട്ടുള്ളത്. ജസ്റ്റിസ് ബച്ചു കുരിയൻ തോമസാണ് ഹർജി പരിഗണിച്ചത്. പട്ടികജാതി–-വർഗ പീഡന അതിക്രമ നിരോധനനിയമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. യുവതിയെ അപമാനിക്കുന്നതരത്തിൽ പരാമർശങ്ങളുള്ള വീഡിയോ ജൂൺ 21ന്‌ യുട്യൂബ്‌ ചാനലിൽ അപ്‌ലോഡ്‌ ചെയ്തതായി പരാതിയിൽ പറയുന്നു. ക്രൈം നന്ദകുമാറിനെ ന്യായീകരിക്കുന്നതിന്‌ സൂരജ് പാലാക്കാരൻ പരാതിക്കാരിക്കെതിരെ അപവാദം പ്രചരിപ്പിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. Read on deshabhimani.com

Related News