ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കീഴടങ്ങി



കുറ്റ്യാടി> മുസ്ലിംലീഗ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കീഴടങ്ങി. ഗോള്‍ഡ് പാലസ് ജ്വല്ലറി പാര്‍ട്ണര്‍മാരിലൊരാള്‍ കൂടിയായ കരണ്ടോട് തൊടുപൊയില്‍ സബീലാണ് കീഴടങ്ങിയത്. ജ്വല്ലറി തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു സബീല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ നേടാനുള്ള  ശ്രമവും നടത്തിയിരുന്നു. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കുറ്റ്യാടി പൊലീസില്‍ കീഴടങ്ങിയത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വഞ്ചനാക്കുറ്റമടക്കമുള്ളവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലാണ് ജ്വല്ലറിക്ക് ശാഖകളുള്ളത്. പലരില്‍നിന്നായി നൂറുകോടിയിലേറെ രൂപയാണ് നിക്ഷേപമായി തട്ടിയത്. ആഗസ്ത് 26നാണ് ജ്വല്ലറി പൂട്ടി ഉടമകള്‍ മുങ്ങിയത്. ഇതോടെ കുറ്റ്യാടി, നാദാപുരം, പയ്യോളി പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ യൂത്ത് ലീഗ് കുറ്റ്യാടി ടൗണ്‍ ശാഖ പ്രസിഡന്റ് കുളങ്ങരത്താഴ വി പി സമീറി(സബീര്‍)നെ അറസ്റ്റ് ചെയ്തു. കല്ലാച്ചി ന്യൂ ഗോള്‍ഡ് എംഡിയും യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനുമായ വടയം വെള്ളം പറമ്പത്ത് റുംഷാദ്, പ്രവാസി ലീഗ് നേതാക്കളായ കരണ്ടോട് സ്വദേശികളായ തയ്യുള്ളതില്‍ മുഹമ്മദ്, കെ പി ഹമീദ്, പാലേരി ചെറിയ കുമ്പളം ചെമ്പോട് കണ്ടി ഹമീദ് എന്നിവരും പിന്നീട് പിടിയിലായി.   Read on deshabhimani.com

Related News