യുവജന കമ്മീഷന്റെ ഡിഫന്‍സ് ഫോഴ്‌സില്‍ അംഗമാകാന്‍ ആയിരങ്ങള്‍



തിരുവനന്തപുരം>  കോവിഡ് 19 പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയിലേക്ക് യുവജന പ്രവാഹം. കമീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍  ഒറ്റ ദിവസം കൊണ്ട് അയ്യായിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1465 പേര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേര്‍ മറ്റു സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാണ്. ചലച്ചിത്ര പ്രവര്‍ത്തകരായ ടൊവീനോ തോമസ്, സണ്ണി വെയ്ന്‍, മേജര്‍ രവി, പുര്‍ണിമ ഇന്ദ്രജിത്, അരുണ്‍ ഗോപി തുടങ്ങിയവര്‍ കൂട്ടിരിപ്പുകാരാകാന്‍ തയ്യാറായവരില്‍ ഉള്‍പ്പെടും.   രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക, കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം യുവജനകാര്യ മന്ത്രി  ഇ പി ജയരാജനു കൈമാറി. കൂട്ടിരിപ്പിന് തയ്യാറായവരുടെ പട്ടിക ആരോഗ്യ വകുപ്പിനും മറ്റുള്ളവരുടെ പട്ടിക സന്നദ്ധപ്രവര്‍ത്തന ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിനും കൈമാറുമെന്ന് ഇ പി ജയരാജന്‍ അറിയിച്ചു. കമീഷന്‍ കോ-ഓഡിനേറ്റര്‍മാരായ എം രണ്‍ദീഷ്, ആര്‍ മിഥുന്‍ ഷാ എന്നിവര്‍ സന്നിഹിതരായിരുന്നു.   സന്നദ്ധപ്രവര്‍ത്തനത്തിന് യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധരായവരെ തങ്ങളുടെ വെബ്‌സൈറ്റിലൂടെ കമീഷന്‍ ക്ഷണിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കമീഷന്‍ പുസ്തകകിറ്റ് എത്തിക്കുകയും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുവരുന്നു. മഹാമാരി നേരിടാന്‍ കുടുതല്‍ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ചിന്ത ജെറോം പറഞ്ഞു.   യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ തുടരുകയാണ്. https://forms.gle/Q6jWkHLHL4CRjWfb8 എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8086987262, 92885 59285, 9061304080. Read on deshabhimani.com

Related News