ബൈക്കിന്‌ തീയിട്ടു ; കലാപത്തിന്‌ യൂത്ത്‌ കോൺഗ്രസ്‌ ശ്രമം



തിരുവനന്തപുരം ക്ഷേമപെൻഷനായി ഇന്ധന സെസ്‌ വർധിപ്പിച്ചതിന്റെ പേരിൽ എംഎൽഎമാർ നടത്തുന്ന സമരത്തിന്റെ മറവിൽ സംസ്ഥാനത്ത്‌ കലാപത്തിന്‌ യൂത്ത്‌ കോൺഗ്രസ്‌ നീക്കം. നിയമസഭയുടെ മുന്നിലിട്ട്‌ ആക്രിബൈക്ക്‌ കത്തിച്ചു. സഭയിൽ എംഎൽഎമാർ സത്യഗ്രഹം തുടങ്ങിയതിനു പിന്നാലെയാണ്‌ യൂത്ത്‌കോൺഗ്രസുകാർ നിയമസഭയിലേക്ക്‌ മാർച്ച്‌ നടത്തിയത്‌. മാർച്ചിനിടെ തള്ളിക്കൊണ്ടുവന്ന ഉപയോഗശൂന്യമായ ബൈക്ക്‌ മറിച്ചിട്ടശേഷം സൈക്കിൾ ടയറും മറ്റും മുകളിലിട്ട്‌ പെട്രോൾ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. അഗ്നിശമന സേനാ വിഭാഗം ഉടൻ തീയണച്ചു. അക്രമത്തിനും കലാപത്തിനും നേതൃത്വം നൽകിയ യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ മ്യൂസിയം പൊലീസ്‌ കേസെടുത്തു. യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളായ സുധീർഷാ പാലോട്‌, സജിത്‌, രാഹുൽ മാങ്കൂട്ടത്തിൽ, റിനോ പി രാജൻ, ഷജീർ, അദീഷ്‌ എസ്‌ കുമാർ, ഹൈദരലി, സജു അമർദാസ്‌, ജെ എസ്‌ അഖിൽ, അബിൻ വർക്കി എന്നിവരും കണ്ടാലറിയുന്ന നൂറു പേർക്കെതിരെയുമാണ്‌ കേസ്. പാളയംഭാഗത്തുനിന്ന്‌ പ്രകടനമായെത്തിയ സമരക്കാർ ബാരിക്കേഡ്‌ മറിച്ചിടാനും പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചു. ജലപീരങ്കി പ്രയോഗിച്ചാണ്‌ പൊലീസ്‌ സമരക്കാരെ പിരിച്ചുവിട്ടത്‌. ചൊവ്വാഴ്‌ച യുവമോർച്ചയും നിയമസഭയിലേക്ക്‌ മാർച്ച്‌ നടത്തുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ചത്തെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ്‌ നിയമസഭയിലും പരിസരത്തും പൊലീസ്‌ ഏർപ്പെടുത്തിയിരിക്കുന്നത്‌. Read on deshabhimani.com

Related News