കെ സുധാകരന്‌ വിമർശം; കോൺഗ്രസ്‌ നേതാവിന്റെ സസ്‌പെൻഷൻ യൂത്ത്‌ നേതൃത്വം തള്ളി



കോഴിക്കോട്> കെപിസിസി പ്രസിഡന്റിനെ വിമർശിച്ചതിന്റെ പേരിൽ സസ്‌പെൻഡ്‌ ചെയ്‌ത യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെ സംരക്ഷിച്ച്‌ നേതൃത്വം. ജില്ലാ പഞ്ചായത്ത്‌ അംഗംകൂടിയായ വി പി ദുൽഖിഫിലിനെയാണ്‌ കെ സുധാകരനെ ഫെയ്‌‌സ്‌‌ബുക്കിൽ വിമർശിച്ചതിന്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാർ സസ്‌പെൻഡ്‌ ചെയ്തത്‌. എന്നാൽ ദിവസങ്ങൾക്കകം സംസ്ഥാന യൂത്ത്‌ കോൺഗ്രസ്‌ നേതൃത്വം നടപടി റദ്ദാക്കി.    ജനുവരിയിൽ യൂത്ത്‌ കോൺഗ്രസ്‌ കേഡർ മീറ്റ്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ സുധാകരൻ പ്രവർത്തകരെ നിശിതമായി വിമർശിച്ചിരുന്നു. ഡിവൈഎഫ്ഐയെ കണ്ടുപഠിക്കണമെന്നും പൊതിച്ചോർ വിതരണം മാതൃകയാക്കണമെന്നും പറഞ്ഞു. കഴിഞ്ഞ ആഴ്ച കോഴിക്കോട്ടെ ജില്ലാ നേതൃസംഗമത്തിൽ സുധാകരൻ ഇതാവർത്തിച്ചു. തുടർന്ന്‌ സുധാകരനെ വിമർശിച്ച്‌ ദുൽഖിഫിൽ ഫെയ്‌സ്‌ബുക്കിൽ കുറിപ്പിട്ടു. പിന്നാലെ പുറത്താക്കുകയായിരുന്നു. എന്നാൽ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയെ സസ്‌പെൻഡ്‌ ചെയ്യാൻ ഡിസിസി പ്രസിഡന്റിന് അധികാരമില്ലെന്ന് പറഞ്ഞ്‌ സംസ്ഥാന പ്രസിഡന്റ് നടപടി തള്ളുകയായിരുന്നു. കാസർകോട് ജില്ലയുടെ സംഘടനാ ചുമതലകൂടി ദുൽഖിഫിലിന് നൽകി. സംസ്ഥാന പ്രസിഡന്റിനോടുപോലും ആലോചിക്കാതെ ഭാരവാഹിയെ പുറത്താക്കിയത്‌ ഗൗരവമായി കാണുന്നെന്നും ദുൽഖിഫിന്റെ വിശദീകരണം കേട്ടശേഷം നടപടി പിൻവലിക്കണമെന്നും യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ ഡിസിസി പ്രസിഡന്റിനോട്‌ ആവശ്യപ്പെട്ടു. എ ഗ്രൂപ്പുകാരനായ ദുൽഖിഫിലിനെതിരെ ഐ ഗ്രൂപ്പുകാരനായ പ്രവീൺകുമാർ നടപടിയെടുത്തത്‌ ഗ്രൂപ്പ്‌ പോരും രൂക്ഷമാക്കി.   Read on deshabhimani.com

Related News