കോർപറേഷൻ ജീവനക്കാർക്കെതിരെ ആക്രമണം: 2 യൂത്ത്‌ കോൺഗ്രസുകാർ മൂന്നാറിൽ പിടിയിലായി

ഷാജഹാൻ സിജോ ജോസഫ്


കൊച്ചി> കോൺഗ്രസ്‌ സമരത്തിനിടെ കൊച്ചി കോർപറേഷൻ സെക്രട്ടറിയെയും ജീവനക്കാരെയും മർദിച്ച കേസിൽ രണ്ട് യൂത്ത് കോൺഗ്രസുകാർകൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കങ്ങരപ്പടി വടകോട് പരുത്തിക്കൽ വീട്ടിൽ പി വൈ ഷാജഹാൻ (34), എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ് വടുതല ഗ്രീൻലൈൻ റോഡ് പൂതംപിള്ളി വീട്ടിൽ സിജോ ജോസഫ് (29) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തിനുശേഷം ഒളിവിൽപോയ ഇവരെ ശനി വൈകിട്ട്‌ നാലോടെ മൂന്നാർ ടൗണിൽനിന്നാണ്‌ സെൻട്രൽ പൊലീസ്‌ പിടികൂടിയത്‌. വധശ്രമം, സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾപ്രകാരമാണ്‌ അറസ്‌റ്റ്‌. ഇവരെ റിമാൻഡ്‌ ചെയ്തു. യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സോണി പനന്താനത്തിനും യുഡിഎഫ്‌ അനുകൂല സംഘടന കെഎംസിഎസ്‌എ സംസ്ഥാന സെക്രട്ടറിയും സീനിയർ ക്ലർക്കുമായ ഒ വി ജയരാജിനും എതിരെ വ്യാഴാഴ്‌ച കേസെടുത്തിരുന്നു. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്‌. കേസിൽ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ ലാൽ വർഗീസിനെ വെള്ളിയാഴ്‌ച സെൻട്രൽ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തിരുന്നു. കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖദീറിന്റെയും കേരള മുനിസിപ്പൽ ആൻഡ്‌ കോർപറേഷൻ സ്‌റ്റാഫ്‌ യൂണിയന്റെയും (കെഎംസിഎസ്‌യു) പരാതിയിലാണ്‌ കേസ്‌. അക്രമത്തിന്‌ നേതൃത്വം നൽകിയ ഇരുപത്തഞ്ചോളം ആളുകൾക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. Read on deshabhimani.com

Related News