മലയാളി കപ്പൽജീവനക്കാരനെ കാണാതായ സംഭവം; വിശദാംശങ്ങൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിന്‌ ഹൈക്കോടതി നിർദേശം



കൊച്ചി> പനാമ കപ്പലിൽനിന്ന്‌ കാണാതായ മലയാളി ജീവനക്കാരൻ അർജുൻ രവീന്ദ്രന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കടലിൽ കണ്ടെത്തിയതായി കപ്പൽ ഏജന്റ്‌ ഹൈക്കോടതിയെ അറിയിച്ചു. കടലിൽ കമിഴ്‌ന്നുകിടക്കുന്ന നിലയിലുള്ള മൃതദേഹത്തിന്റെ ഫോട്ടോയും ഹാജരാക്കി. ഫോട്ടോ വ്യക്തമല്ലെന്ന്‌ വിലയിരുത്തിയ  കോടതി കൂടുതൽ വിശദാംശങ്ങൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു. ടുണീഷ്യൻ കടലിൽ സഞ്ചരിക്കവേ  പനാമ കപ്പലായ എം വി എഫിഷൻസി എന്ന കപ്പലിൽനിന്ന്‌ തന്റെ മകനെ ദുരൂഹ സാഹചര്യത്തിൽ കാണാതായെന്ന്‌  ആറ്റിങ്ങൽ സ്വദേശി രവീന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ്‌ ജസ്റ്റിസ് ടി ആർ രവി നിർദേശം നൽകിയത്‌. അവസാനമായി മകൻ ഫോണിൽ സംസാരിച്ചത്‌ ഏപ്രിൽ 20 നാണ്‌.  അന്ന് മേലുദ്യോഗസ്ഥന്റെ പീഡനം സംബന്ധിച്ച്  അറിയിച്ചിരുന്നു. ഏപ്രിൽ 27 ന് മകനെ കപ്പലിൽനിന്ന്‌ കാണാതായെന്ന്‌ വിവരം ലഭിക്കുകയായിരുന്നുന്നെന്നും ഹർജിക്കാരൻ അറിയിച്ചു. മകനെ കണ്ടെത്താൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്ന്‌ ഹർജിയിൽ ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News