കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യ വർധിക്കുന്നു ; കൃത്യമായ ഇടപെടൽ നടത്താതെ രാജ്യങ്ങൾ : ലോകാരോഗ്യ സംഘടന



തിരുവനന്തപുരം ലോകമെങ്ങും കുട്ടികളിലും കൗമാരക്കാരിലും ആത്മഹത്യ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. 15-–-29 പ്രായക്കാരുടെ മരണത്തിന്‌ കാരണമാകുന്നതിൽ  നാലാംസ്ഥാനം  ആത്മഹത്യക്കാണ്‌. ലോകത്ത്‌ ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ നാല്‌ ആത്മഹ്യ ശ്രമം പരാജയപ്പെടുന്നു. എന്നാൽ, ഇന്ത്യയിൽ ഇത്‌ ഇരുപത്തഞ്ചാണ്‌. ഒരിക്കൽ ആത്മഹത്യ ശ്രമം പരാജയപ്പെട്ടവർ വീണ്ടും  ശ്രമിക്കാനും സാധ്യത കൂടുതലാണ്‌. ആരോഗ്യരംഗത്ത്‌ മാനസികാരോഗ്യത്തിന്‌ പ്രാധാന്യം ആവശ്യമാണെന്നും കൃത്യമായ ഇടപെടലിലൂടെ ആത്മഹത്യ തടയാനാകുമെന്നും ലോകാരോഗ്യ സംഘടന ഓർമപ്പെടുത്തുന്നു. പൊതുജനാരോഗ്യ പ്രശ്നമെന്നനിലയിൽ ആത്മഹത്യയെക്കുറിച്ച്‌ അവബോധമില്ലായ്മ പ്രശ്‌നമാണ്‌. ചില രാജ്യം മാത്രമാണ്  ആരോഗ്യ മുൻഗണനകളിൽ ആത്മഹത്യ പ്രതിരോധം ഉൾപ്പെടുത്തിയിരിക്കുന്നത്. 38 രാജ്യം മാത്രമാണ് ദേശീയ ആത്മഹത്യ പ്രതിരോധ നടപടി സ്വീകരിച്ചത്. എച്ച്ഐവി, മലേറിയ, സ്തനാർബുദം, യുദ്ധം, കൊലപാതകം എന്നിവയിൽ മരിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്നു. ലോകത്ത്‌ ലക്ഷത്തിൽ ഒമ്പതുപേർ ആത്മഹത്യ ചെയ്യുന്നുവെന്നാണ്‌ കണക്ക്‌. ആത്മഹത്യ ചെയ്യുന്നവരിൽ പകുതിയിലധികവും 50 വയസ്സിൽ താഴെയുള്ളവരാണ്‌. അഞ്ചിൽ ഒരാൾ കീടനാശിനി കഴിച്ചാണ്‌ മരിക്കുന്നത്‌. ഇത്‌ കൂടുതലും ഗ്രാമീണ കർഷകരാണ്‌.  കോവിഡ്‌ അടച്ചിടലും അത്‌ സൃഷ്ടിച്ച പ്രതിസന്ധികളും കഴിഞ്ഞവർഷം ആത്മഹത്യ നിരക്ക്‌ വർധിക്കാനിടയാക്കി. 2000നും 2019നുമിടയിൽ ലോകത്ത്‌ ആത്മഹത്യ നിരക്ക്‌ 36 ശതമാനത്തോളം കുറഞ്ഞിരുന്നു. യൂറോപ്യൻ മേഖലയിൽ 47 ശതമാനമാണ്‌ കുറഞ്ഞത്‌. എന്നാൽ, അമേരിക്കൻ മേഖലയിൽ 17 ശതമാനം വർധിച്ചു.ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 2019ൽ 1,39,123 പേരാണ്‌ ആത്മഹത്യ ചെയ്‌തത്‌. യഥാർഥ കണക്ക്‌ ഇതിന്റെ ഇരട്ടിയിലേറെയാണെന്നാണ്‌  റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്‌. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം ആത്മഹത്യകളും സ്വാഭാവിക മരണങ്ങളായി രേഖപ്പെടുത്തുകയാണ്‌.  മഹാരാഷ്ട്ര, തമിഴ്‌നാട്‌, ബംഗാൾ, മധ്യപ്രദേശ്‌, കർണാടക സംസ്ഥാനങ്ങളിലാണ്‌ രാജ്യത്തെ ആത്മഹത്യകളിൽ പകുതിയും. ഇതിൽ കർഷകരും യുവതികളുമാണ്‌ കൂടുതൽ. കാർഷികമേഖലയിലെ പ്രതിസന്ധിയും സ്‌ത്രീധന പീഡനങ്ങളുമാണ്‌ കർഷകരുടെയും യുവതികളുടെയും ആത്മഹത്യക്ക്‌ പ്രധാന കാരണം. Read on deshabhimani.com

Related News