ആത്മഹത്യ ഭീഷണിയുമായി ടവറിൽ കയറിയ 
യുവതി കടന്നൽക്കുത്തേറ്റ്‌ താഴെ ഇറങ്ങി



കായംകുളം കൂറ്റൻ ടവറിന് മുകളിൽ യുവതി കയറി ആത്മഹത്യ ഭീഷണിമുഴക്കി. ഫയർഫോഴ്‌സും പൊലീസും ചേർന്ന് അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് യുവതി താഴെ ഇറങ്ങി. കായംകുളം ബിഎസ്എൻഎൽ ഓഫീസ് അങ്കണത്തിലാണ്‌ ഒരു മണിക്കൂറോളം ജനങ്ങളെ മുൾമുനയിൽ നിർത്തിയ രംഗങ്ങൾ. തിങ്കൾ വൈകിട്ട്  അഞ്ചോടെയായിരുന്നു തമിഴ്നാട് സ്വദേശിയായ അംബു റോസി (24) കൂറ്റൻ ടവറിൽ കയറിപ്പറ്റിയത്. ജീവനക്കാർ അനുനയിപ്പിക്കാൻ ശ്രമിയെങ്കിലും വിജയിച്ചില്ല.  പൊലീസും ഫയർഫോഴ്‌സും എത്തിയപ്പോഴേക്കും പകുതി ഉയരം യുവതി കയറിയിരുന്നു. വീണ്ടും അനുനയശ്രമം നടന്നെങ്കിലും കൂടുതൽ മുകളിലേക്ക് യുവതി കയറി.  തന്റെ കുഞ്ഞിനെ ആരോ കൈക്കലാക്കിയെന്നും ഉടൻ സ്ഥലത്തെത്തിക്കണമെന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഭീഷണി. കുറിപ്പും താഴേക്കിട്ടു. ദേഹത്ത് ഒഴിക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോൾനിറച്ച കുപ്പിയും തീപ്പെട്ടിയും താഴെ വീണു.  ഫയർഫോഴ്സ് സംഘം ടവറിന് താഴെ വലവിരിച്ചു. മുകളിലേക്ക്‌ കയറുന്നതിനിടെ ടവറിലെ കൂടിളകി ദേഹമാസകലം കടന്നൽ പൊതിഞ്ഞു. അലമുറയിട്ട് നിലവിളിച്ച യുവതി താഴേക്ക് ഇറങ്ങിത്തുടങ്ങി. കടന്നൽക്കുത്തേറ്റതോടെ വലയിലേക്ക് ചാടുകയും ചെയ്‌തു.  ഇളകിയ കടന്നൽ ഫയർഫോഴ്സ് സംഘത്തെയും പൊലീസിനെയും കുത്തി. ഉടൻ ആംബുലൻസിൽ യുവതിയെ കായംകുളം ഗവ.താലൂക്ക് ആശുപത്രിയിലാക്കി. ശരീരമാസകലം കുത്തേറ്റ യുവതി ചികിത്സയിലാണ്.  കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News