ഗർഭഛിദ്രത്തിന്‌ ഭർത്താവിന്റെ അനുമതി വേണ്ട: ഹൈക്കോടതി



കൊച്ചി> വിവാഹിതയായ സ്ത്രീക്ക് ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. 21 കാരിയായ യുവതിയുടെ ഹർജിയിലാണ്‌ നടപടി.  ഗർഭം 21 ആഴ്‌ച പിന്നിട്ടിട്ടുണ്ടെങ്കിലും  ഗാർഹിക  പീഡനത്താൽ മാനസികമായി  ബുദ്ധിമുട്ടുന്ന  യുവതിക്ക്‌  ഗർഭഛിദ്രത്തിന് ജസ്‌റ്റിസ് വി  ജി അരുൺ ഉപാധികളോടെ അനുമതി നൽകിയത്‌. മെഡിക്കൽ ബോർഡിന്റെ  റിപ്പോർട്ടുകൂടി പരിഗണിച്ചാണ്‌ ഉത്തരവ്‌. കേസ്‌ രണ്ടാഴ്‌ചയ്‌ക്കുശേഷം പരിഗണിക്കും. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം യുവതിയിൽ കടുത്ത മാനസികാഘാതം സൃഷ്ടിച്ചതായി കോടതി നിരീക്ഷിച്ചു.  ഗർഭഛിദ്രത്തിന്‌ കോട്ടയം മെഡിക്കൽ കോളേജിലെ ഫാമിലി പ്ലാനിങ് ക്ലിനിക്കിൽ എത്തിയെങ്കിലും ഭർത്താവുമായി നിയമപരമായി പിരിഞ്ഞതിന്റെ രേഖകളില്ലാത്തതിനാൽ ഡോക്ടർമാർ മടക്കിയയച്ചു. തുടർന്ന് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ഗാർഹിക പീഡനത്തിന്‌ പരാതി നൽകിയശേഷം ഡോക്ടർമാരെ സമീപിച്ചു. എന്നാൽ, ഗർഭം 21 ആഴ്‌ച പിന്നിട്ടതിനാൽ  ആരോഗ്യത്തെ ബാധിക്കുമെന്നുകാണിച്ച്‌  ഡോക്ടർമാർ വിസമ്മതിച്ചു. തുടർന്നാണ്‌ യുവതി ഹൈക്കോടതിയെ സമീപിച്ചത്‌.   ഗർഭഛിദ്രത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യുവതി സാക്ഷ്യപത്രം നൽകണമെന്ന്‌ കോടതി നിർദേശിച്ചു. Read on deshabhimani.com

Related News